വിവാഹത്തിനുശേഷം ഒരുമിച്ചുള്ള ജീവിതം മുന്നോട്ടുപോകാന്‍ കഴിയാതെ വരുമ്പോള്‍ ദമ്പതികള്‍ വിവാഹമോചിതരാകുന്നതെല്ലാം സാധാരണ കാര്യങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമായ ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലുണ്ടായത്. വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലെത്തിയ നവവധു 20 മിനിറ്റിനുള്ളില്‍ ബന്ധം ഉപേക്ഷിച്ചു.

ഭര്‍ത്താവിന്റെ മാതാപിതാക്കളുടേത് മോശം പെരുമാറ്റമാണെന്ന് ആരോപിച്ചാണ് യുവതി ഈ തീരുമാനമെടുത്തത്. ഭര്‍തൃവീട്ടുകാരും സ്വന്തം വീട്ടുകാരും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും അവര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയില്‍ നവംബര്‍ 26-ന് നടന്ന ‘ദുല്‍ഹ ചെഹ്‌ര ദിഖായി’ ചടങ്ങിനിടെയാണ് സംഭവം.

നവംബര്‍ 25-ന് യുവതിയുടെ നാട്ടിലെ ഓഡിറ്റോറിയത്തില്‍വെച്ച് ഗംഭീരമായ ചടങ്ങുകളോട് കൂടിയാണ് വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം യുവതി വരനൊപ്പം ഭര്‍തൃവീട്ടിലെത്തുകയായിരുന്നു. ചടങ്ങിനിടെ യുവതി അത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും തന്റെ മാതാപിതാക്കളെ ഉടന്‍ വിളിക്കണമെന്ന് പറയുകയുമായിരുന്നു.

ഭര്‍ത്താവും വീട്ടുകാരും പലതവണ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ കൂട്ടാക്കിയില്ല. താമസിയാതെ അവളുടെ മാതാപിതാക്കള്‍ എത്തുകയും അവളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വധു തീരുമാനത്തില്‍നിന്ന് പിന്മാറിയില്ല.

പ്രശ്‌നം വഷളായപ്പോള്‍ പ്രാദേശിക പഞ്ചായത്ത് കൂടുകയും ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. വിവാഹത്തിന് കൈമാറിയ സാധനങ്ങളും സമ്മാനങ്ങളും തിരികെ നല്‍കി വധു തന്റെ കുടുംബത്തോടൊപ്പം മടങ്ങി.

ഈ സംഭവം പെട്ടെന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ‘കുറച്ച് വര്‍ഷം ‘അഡ്ജസ്റ്റ്‌മെന്റ്’ ചെയ്ത് ജീവിച്ച് ഒരുപാട് ജീവിതങ്ങള്‍ നശിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഇതാണ്’ എന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്. ‘അവള്‍ക്കും അവളുടെ കുടുംബത്തിനും വലിയ പിഴ ചുമത്തി ശിക്ഷിക്കണം. ആളുകള്‍ വിവാഹത്തെ ഒരു തമാശയും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗവുമാക്കി മാറ്റിയിരിക്കുന്നു. വിവാഹാലോചനകള്‍ നടക്കുമ്പോള്‍ ഈ ധൈര്യം എവിടെയായിരുന്നു’ എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്.