വാഷിങ്ടൺ: യുഎസിൽ റിയൽ ഐഡി (REAL ID) അടക്കമുള്ള അംഗീകൃത തിരിച്ചറിയൽ രേഖ എടുക്കാൻ മറന്നുപോയതിനെ തുടർന്ന് നിങ്ങളുടെ വിമാനയാത്ര മുടങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇനി അത്തരമൊരു സാഹചര്യം ആവർത്തിക്കില്ല. ആഭ്യന്തര യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ ഇല്ലെങ്കിൽ പണം നൽകി ബദൽ സംവിധാനത്തിലൂടെ യാത്ര തുടരാനുള്ള സൗകര്യം ട്രാൻസ്പോ‍ർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) അവതരിപ്പിച്ചു.

റിയൽ ഐഡി അടക്കമുള്ള അംഗീകൃത തിരിച്ചറിയൽ രേഖകളില്ലാതെ യുഎസ് വിമാനത്താവളത്തിൽ എത്തുന്നവർക്ക് ‘TSA Confirm.ID’ എന്ന സംവിധാനം വഴി ഐഡൻ്റിറ്റി തെളിയിക്കാൻ സാധിക്കും. ഇതിനായി 45 ഡോളർ നൽകണം. റിയൽ ഐഡി ഇല്ലാത്തവ‌ർക്ക് ഇതൊരു ബദൽ മാർഗമാണ്. 2026 ഫെബ്രുവരി ഒന്നുമുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ടിഎസ്എ അറിയിച്ചു.

നിലവിൽ 94 ശതമാനം വിമാനയാത്രക്കാരും റിയൽ ഐഡി അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നുണ്ടെന്ന് ടിഎസ്എ അറിയിച്ചു. അംഗീകൃത രേഖകൾ ഇല്ലാത്തവർക്ക് പുതിയ സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

യാത്രക്കാർക്ക് 45 ഡോളർ നൽകി 10 ദിവസത്തേക്ക് TSA Confirm.ID ഉപയോഗിക്കാം. സാധാരണ തിരിച്ചറിയൽ രേഖാ പരിശോധനയ്ക്ക് 10 മുതൽ 15 മിനിറ്റ് വരെ എടുക്കുമ്പോൾ, TSA Confirm.IDയ്ക്കായി ഉള്ള പരിശോധന 30 മിനിറ്റ് വരെ നീണ്ടുപോയേക്കാമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ടിഎസ്എ അധികൃതർക്ക് ഒരാളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, പണം നൽകിയാലും യാത്ര നിഷേധിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഐഡൻ്റിറ്റി തെളിയിക്കുന്നത് അത്യാവശ്യം: ടിഎസ്എ

പുതിയ സംവിധാനത്തെക്കുറിച്ച് ടിഎസ്എ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആദം സ്റ്റാൾ പറയുന്നത് ഇങ്ങനെ; “യാത്രക്കാരുടെ സുരക്ഷയ്ക്ക് ഐഡൻ്റിറ്റി തെളിയിക്കുന്നത് അത്യാവശ്യമാണ്, കാരണം ഇത് തീവ്രവാദികളെയും കുറ്റവാളികളെയും അനധികൃത താമസക്കാരെയും വിമാനങ്ങളിൽ നിന്നും മറ്റ് യാത്രാ സംവിധാനങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും റിയൽ ഐഡി അല്ലെങ്കിൽ പാസ്പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ രേഖകളാണ് നൽകുന്നത്. എന്നാൽ ഞങ്ങൾക്ക് വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവരുടെയും ഐഡൻ്റിറ്റി ഉറപ്പാക്കണം.

ഫെബ്രുവരി ഒന്നുമുതൽ, ഞങ്ങളുടെ സുരക്ഷാ പരിശോധനകളിൽ അംഗീകൃത തിരിച്ചറിയൽ രേഖകൾ നൽകാത്തതും എന്നാൽ യാത്ര തുടരാൻ ആഗ്രഹിക്കുന്നതുമായ യാത്രക്കാർക്ക് 45 ഡോളർ നൽകി TSA Confirm.ID പ്രക്രിയയിലൂടെ കടന്നുപോകാം. ഈ ഫീസ്, മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരുടെ പരിശോധനയുടെ ചെലവ് യാത്രക്കാരനിൽ നിന്ന് ഈടാക്കുമെന്ന് ഉറപ്പാക്കുന്നു. യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന, അതിനാൽ കാലതാമസം ഒഴിവാക്കാനും വിമാനങ്ങൾ നഷ്ടപ്പെടാതിരിക്കാനും എത്രയും പെട്ടെന്ന് റിയൽ ഐഡി അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ സ്വന്തമാക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു”.

യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപുതന്നെ ഓൺലൈനായി ഫീസ് അടയ്ക്കാനാകും. വിമാനത്താവളത്തിൽ എത്തിയ ശേഷവും ഫീസ് അടയ്ക്കാൻ സൗകര്യമുണ്ടാകും.