കറാച്ചി: വനിതാ ചാവേറിനെ ഉപയോഗിച്ച് ബലൂച് ലിബറേഷന്‍ ഫ്രണ്ട് ( ബിഎല്‍എഫ് ) നടത്തിയ ആക്രമണത്തില്‍ ആറ് പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടു. ആദ്യമായിട്ടാണ് വനിതാ ചാവേറിനെ ബിഎല്‍എഫ് ഉപയോഗിക്കുന്നത്. സരീന റഫിഖ് എന്ന വനിതാ ചാവേറാണ് ആക്രമണം നടത്തിയത്. ചാവേറിന്റെ ചിത്രം ബിഎല്‍എഫ് പുറത്തുവിട്ടു. കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തിൻ്റെ കാര്യത്തിൽ പാക് സർക്കാർ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.
ബാലുചിസ്താനിലെ ചഗായിയിലെ ഫ്രണ്ടിയര്‍ കോര്‍പ്സിന്റെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ചെമ്പ് – സ്വര്‍ണ ഖനന പദ്ധതി കേന്ദ്രം പ്രവര്‍ത്തിക്കുന്നതുമായ കെട്ടിടമാണ് ആക്രമിച്ചത്. അതീവ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. ആക്രമണം നടന്ന കേന്ദ്രം ചൈനീസ് കമ്പനികളും ഒരു കനേഡിയൻ സ്ഥാപനവും ചേർന്ന് നടത്തുന്ന സെയ്ൻഡക്, റെക്കോ ഡിക് ഖനന പദ്ധതികളുമായി ബന്ധപ്പെട്ടതാണ്.
വിമത പോരാളികള്‍ക്ക് പ്രധാന കോമ്പൗണ്ടിലേക്ക് കടക്കാന്‍ വഴിയൊരുക്കുന്നതിനായി ബാരിക്കേഡ് വെച്ച് സറീന സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബിഎല്‍എഫ് ആദ്യമായിട്ടാണ് ഒരു ചാവേർ ആക്രമണം നടത്തുന്നത്. സാധാരണയായി ബലൂച് ലിബറേഷൻ ആർമി (BLA)യുടെ മജീദ് ബ്രിഗേഡ് ആണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്.
അതേസമയം, നവംബർ 28 – 29 തീയതികളിൽ നടന്ന വിവിധ ആക്രമണങ്ങളെക്കുറിച്ച് ബലൂച് ലിബറേഷൻ ആർമി പ്രസ്താവന ഇറക്കി. 29 ആക്രമണങ്ങളിലായി 27 പാക് സൈനികരെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. പാകിസ്താൻ മോട്ടോർവേകൾ നിയന്ത്രണത്തിലാക്കിയെന്നും ആയുധങ്ങൾ പിടിച്ചെടുത്തെന്നും അവർ അറിയിച്ചു.
ബാലുചിസ്താനിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ബാലൂച് ലിബറേഷൻ ആർമിയും പങ്കാളിയായിരുന്നു. ഗ്വാദറിലെ പാസ്നിയിൽ പാക് സൈന്യത്തിന്റെ കോസ്റ്റ് ഗാർഡ് ക്യാമ്പ് ബലൂച് ലിബറേഷൻ ആർമി ആക്രമിച്ചു. ഗ്രനേഡ് ലോഞ്ചറുകൾ ഉപയോഗിച്ചാണ് അവർ ആക്രമണം നടത്തിയത്. ഗ്വാദറിലെ ജിവാണിയിൽ സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് റിമോട്ട് കൺട്രോൾ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തി. വാഹനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്ത് മടങ്ങിവരികയായിരുന്നു അവർ. മസ്താങ് നഗരത്തിൽ ഒരു പാക് സൈനിക മേജറുടെ വീടും ആക്രമിക്കപ്പെട്ടു.
ക്വെറ്റയിലും പ്രതിരോധ സ്ഥാപനങ്ങളിൽ ആറ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനം നടന്ന സ്ഥലങ്ങളിലേക്ക് നീങ്ങാൻ ശ്രമിച്ച സൈനികർക്കും ബോംബ് നിർവീര്യമാക്കാൻ ശ്രമിച്ചവർക്കും നേരെയും ആക്രമണമുണ്ടായി. ഇതിലും ആളപായം സംഭവിച്ചതായി സൂചനയുണ്ട്.



