ചാലക്കുടി (തൃശൂർ): വിദേശത്തു ജോലി വാഗ്ദാനം ചെയ്തും വീസ നൽകാമെന്നു വിശ്വസിപ്പിച്ചും 5 ലക്ഷം രൂപയുടെ തട്ടിയ കേസിൽ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പിടിയിലായ വെങ്കിടങ് സ്വദേശിയുടെ പേരിൽ ചാലക്കുടിയിലും ഒട്ടേറെ കേസുകൾ.

കരുവന്തല സ്വദേശി മാമ്മസ്രയില്ലത്ത് നിസയെ (50)യാണ് ലുക്കൗട്ട് സർക്കുലർ (എൽഒസി) പ്രകാരം പൊലീസ് പിടികൂടിയത്. ഇവർ പിടിയിലായതും ഒട്ടേറെ പേരാണ് ഇത്തരം പരാതികളുമായി രംഗത്തെത്തിയതെന്നും കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് സൂചനയെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

ചാലക്കുടി അണ്ണല്ലൂർ തിരുത്തിപ്പറമ്പ് സ്വദേശി പുതിയപറമ്പിൽ സ്റ്റെവിൻ പൗലോസിനു (28) കാനഡയിലേക്കു വീസ നൽകാമെന്നു പറഞ്ഞ് 2024 ഏപ്രിൽ 6 മുതൽ 2025 സെപ്റ്റംബർ 8 വരെയുള്ള കാലയളവിൽ പല തവണകളായി ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈക്കലാക്കിയ കബളിപ്പിച്ചെന്നാണു കേസ്.

സംഭവം കേസായതിനെത്തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഷാർജയിൽ നിന്നു നാട്ടിലേക്ക് വരുന്നതിനായി നെടുമ്പാശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് 25ന് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതിയെ തടഞ്ഞു വച്ചു റൂറൽ ജില്ലാ പൊലീസിനെ അറിയിച്ചത്.

അന്വേഷണ സംഘം നെടുമ്പാശേരിയിലെത്തി അറസ്റ്റ് ചെയ്തു ചാലക്കുടി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.