തൃശ്ശൂർ: പൂമല – അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച ‘പുനർജനി’ ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ. മംഗലത്തിന്റെ അഞ്ചാം ചരമവാർഷിക ദിനവും സ്മൃതി പുരസ്‌കാര സമർപ്പണവും സമുചിതമായി ആചരിച്ചു. ലഹരി വിമുക്ത-മാനസികാരോഗ്യ മേഖലയിൽ മികച്ച വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പുരസ്‌കാരങ്ങളാണ് ചടങ്ങിൽ സമർപ്പിച്ചത്.

2025 നവംബർ 25 ചൊവ്വാഴ്ച രാവിലെ പൂമല പുനർജനിയിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. രാവിലെ എട്ടുമണിക്ക് പൂമല സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിലെ അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പാർച്ചനയോട് കൂടിയുള്ള പ്രാർത്ഥനകൾ നടന്നു.

പുരസ്‌കാര സമർപ്പണം

പുനർജനി ഡയറക്ടർ സൂരജ് ജോൺസ് മംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ, തൃശ്ശൂർ സെൻട്രൽ സോൺ ട്രാൻസ്പോർട്ട് ഡെപ്യൂട്ടി കമ്മീഷണർ ജെയിംസ് എം. പി. പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുഭാഷ്. വി മുഖ്യപ്രഭാഷണം നടത്തി.
ഡോ. ജോൺസ് കെ. മംഗലത്തിന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരങ്ങൾ സൈക്യാട്രിസ്റ്റ് ഡോ. ഷിജോയ് പി. കുഞ്ഞുമോൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫാദർ ഫ്രാങ്ക്ലിൻ വർഗീസ്, ലഹരി വിമുക്ത പ്രവർത്തകൻ ഡോ. സരുൺ കുമാർ ആർ. എന്നിവർക്ക് നൽകി ആദരിച്ചു.

പങ്കെടുത്ത പ്രമുഖർ

പുനർജനി ട്രസ്റ്റ് മെമ്പർ ജോൺസൺ പൊന്മാനിശ്ശേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ, ആർ.ടി.ഒ. രാജേഷ്. എ. ആർ, എം.എൽ.എ. സേവിയർ ചിറ്റിലപ്പള്ളി, രാജി ജോൺസ്, അന്നാസ് കെ. മംഗലം, അഗസ്റ്റിൻ ആനനിലയിൽ, വർഗീസ് തരകൻ, മാർ. റവ. ഇല്ല്യോസ് യോഹന്നാൻ കുര്യാക്കോസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി ഒല്ലൂർ വൈലോപ്പള്ളി ശ്രീധരമേനോൻ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘അയ്യയ്യോ ലഹരി പാത’ എന്ന തെരുവ് നാടകവും അരങ്ങേറി.

അനുസ്മരണ പരിപാടിയിൽ ഏകദേശം 500 ഓളം പേർ പങ്കെടുത്തു. അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. അനന്തൻ കൃതജ്ഞത രേഖപ്പെടുത്തി.

ഡോ. ജോൺസ് കെ. മംഗലം: ഒരു ഓർമ്മക്കുറിപ്പ്

ശ്രീ കേരളവർമ്മ കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന ഡോ. ജോൺസ് കെ. മംഗലം, 20 വർഷത്തെ മദ്യപാനത്തിൽ നിന്ന് മോചിതനായി ലഹരി വിമുക്തിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ്. ലഹരി വിമോചന കേന്ദ്രമായ ‘പുനർജനി’ക്ക് രൂപം നൽകിയ അദ്ദേഹം, ലഹരിയെ ഒരു രോഗമായി കണ്ട്, മരുന്നുകളോ തടവറകളോ ഇല്ലാതെ, 21 ദിവസം നീണ്ടുനിൽക്കുന്ന ചികിത്സാ രീതിയിലൂടെ ആയിരങ്ങൾക്ക് പുനർജന്മം നൽകി. അദ്ദേഹത്തിൻ്റെ ‘കുടിയൻ്റെ കുമ്പസാരം’ എന്ന ആത്മകഥ ഈ മേഖലയിൽ വലിയ സ്വാധീനം ചെലുത്തി. പുനർജനി സന്ദർശിക്കാനും രോഗവിമുക്തിക്കും ഡോക്ടർ ജോൺസ് കെമംഗലം തുടങ്ങിവച്ച പുനർജനിയിലേക്ക് ഇന്നും ധാരാളം പേർ എത്തുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ ഓർമ്മയുടെ അടയാളപ്പെടുത്തലാണ്.