മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് നാലുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്ക്.
അംബർനാഥ് നഗരത്തിലെ ഫ്ലൈ ഓവറിലാണ് സംഭവം. കാർ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് അഞ്ചോളം ബൈക്കുകളിൽ ഇടിച്ചു. അപകടത്തിന്റെ ആഘാതത്തിൽ ഒരു ബൈക്ക് യാത്രികൻ തെറിച്ച് ഫ്ലൈഓവറിന് താഴെയുള്ള റോഡിലേക്ക് വീണു.
അപകടത്തിൽ കാറിന്റെ ഡ്രൈവർ ഉൾപ്പെടെ നാല് പേർ മരിച്ചുവെന്ന് അംബർനാഥിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) ശൈലേഷ് കാലെ പറഞ്ഞു. ആഘാതത്തിൽ ഇരുചക്രവാഹനങ്ങൾ പൂർണമായും തകർന്നുവെന്നും മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു.



