ഈ വർഷം നിരവധി ക്രൈസ്തവരെയാണ് ഉത്തര കൊറിയൻ അധികാരികൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യത്തെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ നേരിടുന്ന വലിയ അപകടങ്ങളിലൊന്നാണിത്. ഒരു ബൈബിൾ സ്വന്തമാക്കുക, വീട്ടിൽ പ്രാർഥിക്കുക അല്ലെങ്കിൽ മറ്റുള്ളവരുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുക എന്നിവ പോലും ഒരു ക്രൈസ്തവൻ, രാജ്യത്തിന്റെ ശത്രുവായി മുദ്രകുത്തപ്പെടാൻ പര്യാപ്തമാണ്. ഒരിക്കൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ പിന്നീടൊരിക്കലും ഒരു മോചനം സാധ്യമല്ല.

മുപ്പതിലധികം വർഷങ്ങളായി, യേശുവിനെ അനുഗമിക്കാൻ ഏറ്റവും പ്രയാസമുള്ള 50 സ്ഥലങ്ങളുടെ വാർഷിക പട്ടികയായ ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റിൽ ഉത്തര കൊറിയ ഒന്നാം സ്ഥാനത്തോ, അതിനടുത്തോ ആണ്. ഉത്തര കൊറിയയിൽ ഒരു ക്രിസ്ത്യാനി അറസ്റ്റ് ചെയ്യപ്പെട്ടാൽ, അയാളെ പൊലീസ് സ്റ്റേഷനിൽ വച്ച് ദിവസങ്ങളോളം കഠിനമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. മർദനം, ഉറങ്ങാൻ അനുവദിക്കാതിരിക്കുക, മാനസികസമ്മർദം എന്നിവ പതിവാണ്. കൂടാതെ, ബന്ധുക്കളെയോ, സഹവിശ്വാസികളെയോ ഒറ്റിക്കൊടുക്കാനും അവരെ നിർബന്ധിക്കുന്നു.

പല ക്രിസ്ത്യാനികളെയും – പ്രത്യേകിച്ച് നേതാക്കളെയോ അല്ലെങ്കിൽ ഭൂമിക്കടിയിലെ ഒളിസങ്കേതങ്ങളിൽ പ്രാർഥന സംഘടിപ്പിച്ചതായി ആരോപിക്കപ്പെടുന്നവരെയോ – ‘ക്വാൻ-ലി-സോ’യിലേക്ക് അയയ്ക്കുന്നു. ഇവ സമ്പൂർണ്ണ നിയന്ത്രണമേഖലകൾ എന്നറിയപ്പെടുന്ന മനുഷ്യത്വരഹിതമായ രാഷ്ട്രീയ ജയിൽക്യാമ്പുകളാണ്. അവിടെയുള്ള തടവുകാർക്ക് ഒരിക്കലും മോചനം സാധ്യമല്ല. ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടാൽ അയാളുടെ കുടുംബാംഗങ്ങളെ മുഴുവൻ കൊണ്ടുപോയി ജീവിതകാലം മുഴുവൻ നിർബന്ധിതജോലി, പട്ടിണി, ദുരുപയോഗം എന്നിവയ്ക്കു വിധിക്കുന്നു. പലപ്പോഴും അവർ മരിക്കുന്നതുവരെ തടവിലായിരിക്കും.

ചിലപ്പോൾ വിശ്വാസികളുടെ കുടുംബാംഗങ്ങളെയും വിശ്വാസസംബന്ധമായ ചെറിയ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുന്നവരെയും ക്യോഹ്വാ-സോയിലേക്ക് അയയ്ക്കുന്നു. അവിടെയും വളരെ ക്രൂരമായ ശിക്ഷകളാണ് അവർ അനുഭവിക്കേണ്ടിവരുന്നത്. തടവുകാർ കഠിനമായ ജോലി, പട്ടിണി, പീഡനം, രോഗം എന്നിവ നേരിടുന്നു. ക്യാമ്പുകളിലെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്നും പലരും ജീവനോടെ രക്ഷപെടുന്നില്ല.

അറസ്റ്റ്, തടവ്, മരണം എന്നിവയുടെ ഭീഷണി ഉണ്ടായിരുന്നിട്ടുപോലും ഉത്തര കൊറിയയിൽ പലരും വിശ്വാസം ഉപേക്ഷിക്കുന്നില്ല. രഹസ്യമായി അവർ തങ്ങളുടെ വിശ്വാസം ജീവിക്കുന്നു.