15 വർഷങ്ങൾക്കു ശേഷം സിറിയയിലെ പുരാതനമായ സെന്റ് മരോണൈറ്റ് ദൈവാലയത്തിൽ ദിവ്യബലിയർപ്പണം നടന്നു. സിറിയയിൽ അലപ്പോയുടെ വടക്കുപടിഞ്ഞാറുള്ള ബ്രാഡ് ഗ്രാമത്തിലാണ് പുരാതനമായ സെന്റ് മരോണൈറ്റ് ദൈവാലയം സ്ഥിതിചെയ്യുന്നത്.
മരോണൈറ്റ് സ്കൗട്ട്സ് സംഘടിപ്പിച്ച ഈ സ്ഥലത്തേക്കുള്ള തീർഥാടനത്തിൽ ചെറുപ്പക്കാരും പ്രായമായവരുമായി എൺപതിലധികം പേർ പങ്കെടുത്തു. തുടർച്ചയായ യുദ്ധം മൂലം ‘മരിച്ച നഗരങ്ങൾ’ എന്നറിയപ്പെടുന്ന ഈ മേഖലയിലെ ഏറ്റവും പവിത്രമായ സ്ഥലത്താണ് ദിവ്യബലിയർപ്പണം നടന്നത്. “ഓരോ മനുഷ്യഹൃദയത്തിലും ദൈവത്തിന്റെ യഥാർഥ സാന്നിധ്യം കാണപ്പെടുന്നു” എന്ന്, ദിവ്യബലിക്ക് നേതൃത്വം നൽകിയ ഫാദർ ഗാന്ധി മഹാന്ന വിശ്വാസികളെ ഓർമ്മിപ്പിച്ചു. സ്നേഹത്തിലൂടെ വിശ്വാസം ജീവിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
സമീപത്തുള്ള സെന്റ് ശിമയോൻ ദി സ്റ്റൈലൈറ്റ് പള്ളിയുടെ അവശിഷ്ടങ്ങളും യുദ്ധത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ച തൗഫിക് അജിബ് സന്യാസിയുടെ ഗുഹാചാപ്പലും സംഘം സന്ദർശിച്ചു.



