തൃശൂര്‍: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായി ചൊല്ലിയതാണെന്നും തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ പാടിയതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടാണ്. കുട്ടികൾക്ക് അപ്പോൾ തോന്നിയത് ചെയ്തു. നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
വന്ദേ ഭാരതിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വീസ്. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് ആണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.



