പുനെ ഭൂമി ഇടപാട് വിവാദത്തിൽ മകൻ പാർത്ഥനെ ന്യായീകരിച്ച്  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. തന്റെ സ്ഥാപനം വാങ്ങിയ ഭൂമി സർക്കാരിന്റേതാണെന്ന് മകൻ പാർഥിന് അറിയില്ലെന്ന് അജിത് പവാർ അവകാശപ്പെട്ടു. 300 കോടി രൂപയുടെ ഇടപാട് റദ്ദാക്കിയതായി അദ്ദേഹം അറിയിച്ചു. ഭൂമി ഇടപാടിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി റവന്യൂ സെക്രട്ടറിയുടെ ഇടക്കാല റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണ് നടപടി.

300 കോടി രൂപയുടെ ഇടപാട് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അജിത് പവാർ പറഞ്ഞു. “ഇടപാടുമായി ബന്ധപ്പെട്ട രേഖകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്, ഇതുസംബന്ധിച്ച സത്യവാങ്മൂലങ്ങൾ അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ട്. ഒരു രൂപ പോലും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. ചോദ്യം ചെയ്യപ്പെടുന്ന ഭൂമി സർക്കാർ സ്വത്താണ്, അത് വിൽക്കാൻ കഴിയില്ല. പാർത്ഥിനും അദ്ദേഹത്തിന്റെ പങ്കാളിയായ ദിഗ്‌വിജയ് പാട്ടീലിനും ഈ വസ്തുത അറിയില്ലായിരുന്നു,” പവാർ പറഞ്ഞു.