മുൻ സെലക്ടർ മഞ്ജുരുൾ ഇസ്ലാമിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലം രംഗത്ത്. 2022-ലെ വനിതാ ലോകകപ്പ് നടക്കുന്ന സമയത്ത് ടീം മാനേജ്മെന്റിന്റെ ഭാഗമായ പലരിൽ നിന്നും മോശം സമീപനം നേരിടേണ്ടി വന്നതായും താരം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജഹനാരയുടെ തുറന്നുപറച്ചിൽ.
പരാതിയിൽ പറയുന്നതനുസരിച്ച്, ഒരിക്കൽ മഞ്ജുരുൾ ഇസ്ലാം താരത്തിന്റെ അടുത്തേക്ക് വന്ന് കൈ പിടിക്കുകയും തോളിൽ കൈ വെക്കുകയും ചെയ്തു. തുടർന്ന് നെഞ്ചോട് ചേർത്തമർത്തി ചെവിയോട് ചേർന്ന് ‘നിങ്ങളുടെ ആർത്തവം എത്ര ദിവസമായി’ എന്ന് ചോദിക്കുകയും ‘നിങ്ങളുടെ ആർത്തവം കഴിയുമ്പോൾ എന്നോട് പറയൂ’ എന്ന് പറയുകയും ചെയ്തതായി ജഹനാര ആരോപിക്കുന്നു. ടീം മാനേജ്മെന്റിന്റെ ഭാഗമായ ഒരാളാണ് തന്നെ ആദ്യം മോശമായി സമീപിച്ചതെന്നും താരം പരാതിയിൽ പറയുന്നു.
തനിക്ക് പലതവണ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ടീമെന്ന നിലയിൽ നിൽക്കുമ്പോൾ തങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു എന്നും ജഹനാര വ്യക്തമാക്കി.
നിലവിൽ ബംഗ്ലാദേശ് വനിതാ ടീമിന്റെ ഭാഗമല്ലാത്ത ജഹനാര ആലം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. താരത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അധികൃതർ തുടർനടപടികൾ സ്വീകരിച്ചേക്കും.



