പാസ്പോർട്ടുകളിൽ ലിംഗഭേദം അടയാളപ്പെടുത്തുന്നതിന് പുരുഷൻ (male) അല്ലെങ്കിൽ സ്ത്രീ (female) എന്ന് മാത്രം മതിയെന്ന പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടത്തിൻ്റെ നയം നടപ്പാക്കാൻ യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച അനുമതി നൽകി. കീഴ്ക്കോടതി ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടുള്ള ഈ വിധി ട്രാൻസ്ജെൻഡർ അവകാശങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും കടുത്ത ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ഈ നയത്തിനെതിരെ നിലവിലുള്ള നിയമനടപടികൾ തുടരുമ്പോൾ തന്നെ ഇത് നടപ്പാക്കാൻ പുതിയ വിധി ട്രംപ് ഭരണകൂടത്തെ അനുവദിക്കുന്നു. അപേക്ഷകർക്ക് അവരുടെ ലിംഗ സ്വത്വവുമായി പൊരുത്തപ്പെടുന്നതിനായി പാസ്പോർട്ടുകളിൽ “M”, “F”, അല്ലെങ്കിൽ “X” എന്നിവ തിരഞ്ഞെടുക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിനോട് ആവശ്യപ്പെട്ട കീഴ്ക്കോടതിയുടെ ഉത്തരവിനാണ് ഇതോടെ സ്റ്റേ വന്നത്. കോടതിയിലെ മൂന്ന് ലിബറൽ ജഡ്ജിമാർ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി, അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.



