ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വംബോ‍ർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് ഉച്ചയോടെ റാന്നി മജിസ്ട്രേട്ട് കോടതിയിലാണ് ഹാജരാക്കുക. സ്വർണക്കൊള്ള കേസിൽ ഏഴാം പ്രതിയാണ് ബൈജു. ഇതോടെ ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് ബൈജു ഉള്‍പ്പെടെ നാല് പേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മേൽനോട്ടചുമതലയുള്ള ബൈജു ആ ദിവസം വിട്ടു നിന്നത് ഗുരുതരവീഴ്ച വരുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണപാളികളുടെ തൂക്കം ഉള്‍പ്പെടെ കൃത്യമായി രേഖപ്പെടുത്തേണ്ടിയിരുന്നത് ബൈജുവാണ്. എന്നാൽ അന്ന് സംഭവ സ്ഥലത്ത് ഇല്ലാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.