അന്ധ്രപ്രദേശിനെ നടുക്കിയ മേയറുടെയും ഭർത്താവിൻ്റെയും  കൊലപാതക കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പേർക്ക് വധ ശിക്ഷയാണ് കോടതി നൽകിയിരിക്കുന്നത്.  2015-ലാണ് സംസ്ഥാനത്ത് തന്നെ ഏറെ ചർച്ചയായ ഇരട്ടക്കൊലപാതകം നടക്കുന്നത്. ചിറ്റൂർ മേയർ കട്ടാരി അനുരാധയെയും ഭർത്താവ് കട്ടാരി മോഹനെയുമായിരുന്നു  മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയത്. 

ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ സെഷൻസ് കോടതിയാണ് ഈ ഇരട്ടക്കൊലക്കേസിൽ വെള്ളിയാഴ്ച ശിക്ഷാവിധി പ്രസ്താവിച്ചത്. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ചന്ദ്രശേഖർ, ജി.എസ്. വെങ്കടാചലപതി, ജയപ്രകാശ് റെഡ്ഡി, മഞ്ജുനാഥ്, വെങ്കിടേഷ് എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചുവെന്ന് പോലീസ് പറഞ്ഞു.