തിരുവനന്തപുരം: മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സന്തോഷവാർത്ത. കേരളത്തിലെ ഏറെ തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ 22 ശതമാനം വർധിക്കും. പുതിയ വിൻ്റർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചതോടെയാണ് സർവീസുകളുടെ എണ്ണം വർധിക്കുന്നത്.
ഇതോടെ പ്രതിവാര എയർ ട്രാഫിക് മൂവ്മെൻ്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ 600 ആയിരുന്നു എയർ ട്രാഫിക് മൂവ്മെൻ്റുകൾ. പുതിയ ഷെഡ്യൂൾ ഈ വർഷം ഒക്ടോബർ 26 മുതൽ 2026 മാർച്ച് 28 വരെ പ്രാബല്യത്തിൽ വരും. വിമാനത്താവളത്തിന്റെ വളരുന്ന കണക്റ്റിവിറ്റിയും ആഭ്യന്തര, അന്തർദേശീയ എയർലൈനുകൾക്കിടയിൽ അതിന്റെ വർധിച്ചുവരുന്ന മുൻഗണനയും ഈ വിപുലീകരണം അടിവരയിടുന്നു.
ഏറെ തിരക്കുള്ള നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉടൻ പുതിയ സർവീസുകൾ ആരംഭിക്കും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂടും. അതുപോലെ തന്നെ മലയാളികൾ കൂടുതലുള്ള വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ് എന്നിവടങ്ങളിലേക്കും ക്വാലാലംപൂർ, മാലെ എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളുടെ എണ്ണം വർധിക്കും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 300 പ്രതിവാര രാജ്യാന്തര സർവീസുകൾ എന്നത് 326 ആയി മാറുമെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര സർവീസുകൾ മുന്നൂറിൽ നിന്ന് 406 ആയി ഉയരുകയും ചെയ്യും. നേരത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചിരുന്നു. ഇതോടെ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഓഗസ്റ്റിൽ റെക്കോർഡ് വർധനവായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായത്.
അന്താരാഷ്ട്ര വിമാന സർവീസുകൾ 9 ശതമാനം വളർച്ച കൈവരിക്കും, ഇത് 300 പ്രതിവാര എടിഎമ്മുകളിൽ നിന്ന് 326 ആയി ഉയരും. അബുദാബി (66), ഷാർജ (56), ദമ്മാം (28), കുവൈറ്റ് (24), മാലെ (24), ദുബായ് (22), മസ്‌കറ്റ് (22), ക്വാലാലംപൂർ (22), ദോഹ (20), സിംഗപ്പൂർ (14), ബഹ്‌റൈൻ (10), കൊളംബോ (08), റിയാദ് (06), ഹനിമാധൂ (04) എന്നിവയാണ് പ്രധാന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളും പ്രതിവാര സർവീസുകളും. ആഭ്യന്തര സർവീസുകളിൽ 35 ശതമാനം വർധനവ് ഉണ്ടാകും. ഇത് 300 ൽ നിന്ന് 406 പ്രതിവാര എടിഎമ്മുകളായി ഉയരും. പ്രധാന ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ ബെംഗളൂരു (92), ഡൽഹി (84), മുംബൈ (70), ചെന്നൈ (42), ഹൈദരാബാദ് (28), നവി മുംബൈ (28), കൊച്ചി (26), ട്രിച്ചി (12), കണ്ണൂർ (10), പൂനെ (08), മംഗളൂരു (06) എന്നിവയാണ്.



