പിഎം ശ്രീ  പദ്ധതിയുടെ ധാരണാപത്രത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ ശ്രമം. സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മന്ത്രി വി. ശിവൻകുട്ടി ചര്‍ച്ച നടത്തി. എല്ലാ പ്രശ്നവും തീരുമെന്നും ഇപ്പോൾ പ്രതികരിക്കാനില്ലെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. 

ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി, കൂടിക്കാഴ്ചയില്‍ മന്ത്രി ജിആര്‍ അനിലും ഒപ്പമുണ്ടായിരുന്നെന്ന് പറഞ്ഞു. അതേസമയം ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മന്ത്രി ബിനോയ് വിശ്വത്തിനോട് വിശദീകരിച്ചതായാണ് വിവരം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് എത്തിയിരുന്നു.