2002-ൽ പാർലമെന്റ് ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധം ഉണ്ടാകുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നുവെന്ന് മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോയുടെ വെളിപ്പെടുത്തൽ. 2002 ൽ ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന്റെ വക്കിലാണെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം ഒരിക്കൽ വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ സിഐഎയുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് കിരിയാക്കോ ആയിരുന്നു.
ഇസ്ലാമാബാദിൽ നിന്ന് അമേരിക്കൻ കുടുംബങ്ങളെ ഒഴിപ്പിക്കാൻ തക്കവിധം യുഎസ് ഭീഷണിയെ ഗൗരവമായി എടുത്തിരുന്നുവെന്ന് എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “ഇസ്ലാമാബാദിൽ നിന്ന് കുടുംബാംഗങ്ങളെ ഒഴിപ്പിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു,” കിരിയാക്കോ ഓർമ്മിക്കുന്നു. ആ സമയത്ത് വാഷിംഗ്ടണിന്റെ ശ്രദ്ധ അൽ-ഖ്വയ്ദയും അഫ്ഗാനിസ്ഥാനും വിഴുങ്ങിയെന്നും ഇന്ത്യയുടെ ആശങ്കകൾ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



