സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തുലാവർഷമഴയ്ക്കിടെ കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണിയും നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂന മർദ്ദമാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഞായറാഴ്ചയോടെ ഈ ന്യൂനമർദ്ദം തീവ്ര ന്യൂനമർദമായും ശേഷം ബംഗാൾ ഉൾക്കടലിന്‍റെ ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയെന്നാണ് പ്രവചനം.



