രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 21ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് ആണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുക. അന്ന് രാത്രി രാജ്ഭവനില്‍ താമസിക്കും. 22ന് രാവിലെ 9.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലേക്കു പോകും. നിലയ്ക്കലില്‍നിന്നു റോഡ് മാര്‍ഗം പമ്പയില്‍ എത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനമായ ‘ഗൂർഖാ ഫോഴ്സി’ൽ ആയിരിക്കും സന്നിധാനത്തേക്ക് എത്തുന്നത്. 

22ന് ഉച്ചയ്ക്ക് 12.20നും 1 മണിക്കും ഇടയിലാണ് ദര്‍ശനം നടത്തുക. തുടര്‍ന്ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണവും വിശ്രമവും. തുടർന്ന് മൂന്ന് മണിയോടെ പ്രത്യേക വാഹനത്തില്‍ രാഷ്ട്രപതി പമ്പയിലേക്കു മടങ്ങും. തുടര്‍ന്ന് നിലയ്ക്കലില്‍ എത്തി ഹെലികോപ്റ്റില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. അതേ ദിവസം സ്വകാര്യ ഹോട്ടലില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴവിരുന്നിലും രാഷ്ട്രപതി പങ്കെടുക്കും. രാത്രി രാജ്ഭവനില്‍ തന്നെയാകും താമസിക്കുക.