ലാഹോര്‍: പാകിസ്ഥാന്-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. 277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 29 റണ്‍സോടെ റിയാന്‍ റിക്കിള്‍ടണും 16 റണ്‍സോടെ ടോണി ഡി സോര്‍സിയും ക്രീസില്‍. എട്ട് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ 226 റണ്‍സ് കൂടി വേണം. മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രത്തിന്റെയും റണ്ണൊന്നുമെടുക്കാത്ത വിയാന്‍ മുള്‍ഡറുടെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. പാകിസ്ഥാന് വേണ്ടി നോമാന്‍ അലിയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 269 റണ്‍സില്‍ അവസാനിച്ചിരുന്നു. 104 റണ്‍സടിച്ച ടോണി ഡി സോര്‍സിയുടെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ 250 കടത്തിയത്. പാകിസ്ഥാനുവേണ്ടി നോമാന്‍ അലി ആറും സാജിദ് ഖാന് മൂന്നും വിക്കറ്റ് വീഴ്ത്തി.