ഏതു ചെറിയ അസുഖത്തിനും മരുന്ന് തേടിപ്പോകുന്നവരാണ് മലയാളികൾ; അതിൽ ആളുകൾ, ഏറ്റവും കൂടുതൽ വാങ്ങിക്കഴിക്കുന്നതോ വേദനസംഹാരികളും. പരിക്കുകൾ, വിട്ടുമാറാത്ത രോഗങ്ങൾ, ശസ്ത്രക്രിയകൾ എന്നിവ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ലഘൂകരിക്കുന്നതിന് വേദനസംഹാരികൾ പലപ്പോഴും നിർദേശിക്കപ്പെടാറുണ്ട്. എന്നാൽ സ്ഥിരമായുള്ള വേദനസംഹാരികൾ ശരീരത്തിന് അത്ര നല്ലതല്ല.
സാധാരണ വേദനസംഹാരികളിൽ നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ (NSAID-കൾ), അസറ്റാമിനോഫെൻ, ഒപിയോയിഡുകൾ എന്നിവ ഉൾപ്പെടുന്നു. ഓരോ വിഭാഗത്തിനും അതിന്റേതായ അപകടസാധ്യതകളും സങ്കീർണ്ണതകളുമുണ്ട്. വേദന നിയന്ത്രിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവ അത്യാവശ്യമാണെങ്കിലും, വേദനസംഹാരികൾക്ക് പാർശ്വഫലങ്ങളുമുണ്ട്.
എന്തൊക്കെയാണ് വേദനസംഹാരികളുടെ പാർശ്വഫലങ്ങൾ?
ദഹനസംബന്ധമായ പ്രശ്നങ്ങൾ:
സാധാരണയായി വീക്കം കുറയ്ക്കാനും വേദന ലഘൂകരിക്കാനും ഉപയോഗിക്കുന്നവയാണ് ഐബുപ്രോഫെൻ ആസ്പിരിൻ തുടങ്ങിയ നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ (NSAID). എന്നിരുന്നാലും, ഇത്തരത്തിലുള്ള മരുന്നുകൾ വയറിന്റെ അസ്വസ്ഥതകൾക്കു കാരണമാകുന്നു. ഇവ അധികം ഉപയോഗിക്കുന്നത് ഗ്യാസ്ട്രൈറ്റിസ്, അൾസർ, ദഹനനാളത്തിൽ രക്തസ്രാവം എന്നിവയ്ക്കു കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഭക്ഷണത്തോടൊപ്പം ഈ മരുന്നുകൾ കഴിക്കുന്നത് ആമാശയവുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ കുറയ്ക്കുന്നു.
കരൾ ക്ഷതം
പേശിവേദനയ്ക്ക് പരിഹാര ഗുളികയായി പലപ്പോഴും ഉപയോഗിക്കപ്പെടുന്ന ഒന്നാണ് അസറ്റാമിനോഫെൻ. ഇത് ഡോക്ടർ ശുപാർശ ചെയ്യുന്ന അളവിൽ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും അമിതമായ ഉപഭോഗം കരൾ വിഷബാധയ്ക്കു കാരണമാകും. ഇതിന്റെ അമിത അളവ് കരളിനെ മോശമായി ബാധിക്കുകയോ, ഒരുപക്ഷേ കരളിന്റെ പരാജയത്തിനോ കാരണമാകും. ഇത് കഠിനമായ കേസുകളിൽ കരൾ മാറ്റിവയ്ക്കൽ ആവശ്യമായി വന്നേക്കാം. കരളിനു രോഗമുള്ളവർ, അമിതമായ മദ്യപാനം അല്ലെങ്കിൽ ഒന്നിലധികം മരുന്നുകൾ കഴിക്കുന്ന വ്യക്തികൾ തുടങ്ങിയവർ അതീവജാഗ്രതയോടെ വേണം അസറ്റാമിനോഫെൻ ഉപയോഗിക്കാൻ.
വൃക്ക പ്രശ്നങ്ങൾ
നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ (NSAID) ഒരുപാട് ഉപയോഗിക്കുമ്പോൾ വൃക്കകളുടെ പ്രവർത്തനത്തെ അവർ തകരാറിലാക്കിയേക്കാം. വൃക്കസംബന്ധമായ അസുഖങ്ങൾ ഉള്ളവരിലോ, നിർജലീകരണം സംഭവിച്ചവരിലോ ഈ അപകടസാധ്യത കൂടുതലാണ്. വൃക്കകളിലെ രക്തയോട്ടം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില എൻസൈമുകളെ തടയുന്നതിലൂടെയാണ് NSAID കൾ പ്രവർത്തിക്കുന്നത്. കാലക്രമേണ ഇത് വൃക്കകളുടെ പ്രവർത്തനം കുറയ്ക്കുകയും ചില സന്ദർഭങ്ങളിൽ വൃക്ക തകരാറിലാകുന്നതിനും കാരണമാകും. ഈ മരുന്നുകൾ ദീർഘകാലമായി ഉപയോഗിക്കുന്നവരിൽ വൃക്കകളുടെ പ്രവർത്തനം പതിവായി നിരീക്ഷിക്കണം.
ഹൃദയസംബന്ധമായ അപകടങ്ങൾ
നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളുടെ (NSAID) ദീർഘകാല ഉപയോഗം ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്നുകൾ രക്തസമ്മർദം വർധിപ്പിക്കുകയും ധമനികളിൽ പ്ലാക്ക് ഉണ്ടാക്കുകയും രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തചംക്രമണം തടസ്സപ്പെടുത്തുകയും ചെയ്യും. ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, അല്ലെങ്കിൽ പക്ഷാഘാതത്തിന്റെ ചരിത്രം തുടങ്ങിയ ഹൃദയസംബന്ധമായ അസുഖങ്ങളുള്ള വ്യക്തികൾക്ക്, വേദന ശമിപ്പിക്കാൻ NSAID കൾ ഉപയോഗിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.
ഏതൊരു മരുന്നും ഉപയോഗിക്കും മുൻപ് ഡോക്ടറുടെ നിർദേശം തേടുന്നത് നല്ലതാണെന്ന് ഓർക്കുക. തൽക്കാലികാശ്വാസത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ നാളെ നമ്മുടെ ജീവനുതന്നെ ഭീഷണിയാകാതിരിക്കട്ടെ.