ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പം ലോകസമാധാനത്തിനായി വത്തിക്കാനിൽ നടന്ന ജപമാല പ്രാർഥനയിൽ പങ്കുചേർന്നത് പതിനായിരക്കണക്കിനു വിശ്വാസികൾ. ഒക്ടോബർ 11, 12 തീയതികളിൽ നടക്കുന്ന മരിയൻ ആത്മീയതയുടെ ജൂബിലിക്കായി പോർച്ചുഗലിൽ നിന്ന് റോമിലേക്കു കൊണ്ടുവന്ന ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നിൽ, സഭയെ അതിന്റെ ‘പ്രത്യാശയുടെ തീർത്ഥാടനത്തിൽ’ നയിക്കുന്നതിനായി മാർപാപ്പ വിശ്വാസികളെ ദൈവമാതാവിനു സമർപ്പിച്ചു.
ജപമാലയുടെ ധ്യാനാത്മകമായ പാരായണവും ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള സമയവും ഉൾപ്പെടുന്ന പ്രത്യേക ജാഗരണ പ്രാർഥനയുടെ സമയത്ത് പരിശുദ്ധ പിതാവ് ഒരു ചെറിയ പ്രസംഗം നടത്തുകയും ‘ശ്രവിക്കുന്ന ഹൃദയം’ എന്ന ദാനത്തിനായി ദൈവമാതാവിനോട് അപേക്ഷിക്കാൻ അവിടെ സന്നിഹിതരായിരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ജപമാല പ്രാർഥനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന, ക്രിസ്തുവിന്റെ ജീവിതരഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനങ്ങൾ പങ്കുവച്ചുകൊണ്ട്, ‘അധികാരത്തിലൂടെയും പണത്തിലൂടെയും’ ലോകത്തിൽ സമാധാനം കൈവരിക്കാനാവില്ല, മറിച്ച് പ്രാർഥന, ശ്രവിക്കൽ, സുവിശേഷ സന്ദേശത്തിന്റെ ജീവിതം എന്നിവയിലൂടെയാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. കൂടാതെ, ഹൃദയങ്ങളും കൈകളും നിരായുധീകരിക്കണമെന്നും പാപ്പ വിശ്വാസികളെ ഓർമ്മപ്പെടുത്തി.