ആപ്പ് സ്റ്റോറിൽ നിന്ന് ക്രൗഡ് സോഴ്‌സിംഗ് ആപ്പായ ഐസിഇബ്ലോക്കും സമാനമായ സോഫ്റ്റ്‌വെയറുകളും നീക്കം ചെയ്തതായി ആപ്പിൾ സ്ഥിരീകരിച്ചു. യുഎസ് സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഈ തീരുമാനം. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജന്റുമാരുടെ സ്ഥലവും പ്രവർത്തനങ്ങളും അജ്ഞാതമായി ട്രാക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ആപ്പാണ് ഐസ്ബ്ലോക്ക്. വെള്ളിയാഴ്ച മുതൽ ആപ്പ് സ്റ്റോറിൽ ഐസ്ബ്ലോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമായിരുന്നില്ല.

ഒരുദശലക്ഷത്തിലധികം ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഒരു സൗജന്യ ആപ്പായിരുന്നു ഐസ്ബ്ലോക്ക്. ഐസിഇ ഏജന്‍റുമാരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ഇത് ആളുകളെ അനുവദിച്ചിരുന്നു.  ആക്ഷേപകരമായ ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ്  ആപ്പിളിന്റെ നീക്കം. 

ആപ്പ് സ്റ്റോർ സുരക്ഷിതവും വിശ്വസനീയവുമായ ഒരു പ്ലാറ്റ്‌ഫോമാണെന്ന് ഉറപ്പാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് ആപ്പിൾ പ്രതികരിച്ചു. ആപ്പ് സുരക്ഷാ അപകടസാധ്യത ഉയർത്തുന്നതായി നിയമ നിർവ്വഹണ ഏജൻസികളിൽ നിന്ന് വിവരം ലഭിച്ചതായി കമ്പനി അറിയിച്ചു.

അതേസമയം പൊലീസ് ചെക്ക്‌പോസ്റ്റുകൾ, സ്പീഡ് ട്രാപ്പുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കാണിക്കുന്ന ഗൂഗിൾ മാപ്‌സ്, വെയ്‌സ് പോലുള്ള ആപ്പുകൾ ഇപ്പോഴും ലഭ്യമായതിനാൽ, ഐസ്ബ്ലോക്ക് നീക്കം ചെയ്‌തത് യുഎസില്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.