ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിലുള്ള പരിശോധന രണ്ടാം ദിവസത്തിലേക്ക്. ആകെ മൂന്ന് ദിവസത്തെ പരിശോധനകളാണ് നടക്കുന്നത്. ശബരിമല സ്‌ട്രോംഗ് റൂമിലെ പരിശോധന ഞായറാഴ്ച വൈകുന്നേരത്തോടുകൂടി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിട്ടുള്ള അമൂല്യ വസ്തുക്കെളെല്ലാം സ്‌ട്രോംഗ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കുന്നതോടൊപ്പം, ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട പാളികളുടെ പരിശോധനയും ഇന്ന് നടക്കും.

ചിങ്ങമാസത്തിൽ നവീകരണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയി പിന്നീട് കഴിഞ്ഞ മാസം തിരികെ എത്തിച്ച പാളികളാണ് പരിശോധിക്കുന്നത്. 2019ൽ നവീകരണത്തിനായി കൊണ്ടുപോയ പാളികളല്ല തിരികെ എത്തിച്ചത് എന്ന് വ്യക്തമായ പശ്ചാത്തലത്തിൽ, ഈ പാളികളുടെ പരിശോധന നിർണ്ണായകമാണ്.

പരിശോധനയുടെ ഭാഗമായി സ്മാർട്ട് ക്രിയേഷൻസിനും ഉണ്ണികൃഷ്ണൻ പോറ്റിക്കും ഹൈക്കോടതിയിൽ നിന്ന് നോട്ടീസ് അയച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്തെ വിവരശേഖരണം നടത്തുന്നത്. അമിക്കസ് ക്യൂറിയെ കൂടാതെ, ശബരിമല സ്‌പെഷ്യൽ ഓഫീസർ, ഹൈക്കോടതിയുടെ സ്‌പെഷ്യൽ കമ്മീഷണർ, ദേവസ്വത്തിലെ ഉദ്യോഗസ്ഥർ, വിജിലൻസിലെ പ്രതിനിധികൾ, മറ്റ് ആറ് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ട്.

ആകെ മൂന്നു ദിവസത്തെ പരിശോധനകളിൽ, ഇന്ന് സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയ ശേഷം, തിങ്കളാഴ്ച ആറന്മുളയിലുള്ള സ്‌ട്രോംഗ് റൂമിലും അമിക്കസ് ക്യൂറിയുടെ പരിശോധന ഉണ്ടാകും.