അഫ്ഗാന്‍-പാക്ക് അതിര്‍ത്തിക്ക് സമീപമുള്ള ചന്തയില്‍ പാക്കിസ്ഥാന്‍ ബോംബിട്ടതായി താലിബാന്‍ സര്‍ക്കാര്‍. പാക്കിസ്ഥാന്‍ സൈന്യം അഫ്ഗാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി താലിബാന്‍ പ്രതിനിധികള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. തലസ്ഥാനമായ കാബൂളില്‍ ‘അതിക്രമിച്ചു’ കയറിയതായും താലിബാന്‍ വ്യക്തമാക്കി. 

കാബൂളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ ആക്രമണം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തെ മുത്താഖി അപലപിച്ചു. കാബൂളില്‍ സ്‌ഫോടന ശബ്ദം കേട്ടതായും എന്നാല്‍ നാശനഷ്ടമില്ലെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. കാര്യങ്ങള്‍ വഷളാകുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ സൈന്യത്തിനായിരിക്കുമെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു. അതിര്‍ത്തി ലംഘിച്ച പാക്ക് നടപടിയെ സര്‍ക്കാര്‍ അപലപിച്ചു.