ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ഫോം തുടർന്ന്ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. വെസ്റ്റ് ഇൻഡീസിനെതിരായ ഡൽഹി ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ശുഭ്മാൻ സെഞ്ച്വറി നേടി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ 130-ാം ഓവറിൽ ഖാരി പിയറി എറിഞ്ഞ അഞ്ചാം പന്തിൽ മൂന്ന് റൺസ് നേടിയാണ് ഗിൽ തന്റെ പത്താം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. 176 പന്തിൽ നിന്ന് 13 ഫോറുകളും ഒരു സിക്സും സഹിതമാണ് സെഞ്ച്വറി നേട്ടം.
ക്യാപ്റ്റനെന്ന നിലയിൽ 12 ഇന്നിംഗ്‌സുകളിൽ നിന്ന് ശുഭ്മാൻ ഗില്ലിന്റെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്. അലസ്റ്റർ കുക്കും (9 ഇന്നിംഗ്‌സുകൾ) സുനിൽ ഗവാസ്‌കറും (10 ഇന്നിംഗ്‌സുകൾ) മാത്രമാണ് ക്യാപ്റ്റൻമാരായി കുറഞ്ഞ ഇന്നിംഗ്‌സുകളിൽ നിന്ന് ഇത്രയധികം സെഞ്ച്വറി നേടിയിട്ടുള്ളത്. ഈ വർഷം അഞ്ച് ടെസ്റ്റ് സെഞ്ച്വറികളും ശുഭ്മാൻ നേടിയിട്ടുണ്ട്. ഒരു കലണ്ടർ വർഷത്തിൽ ക്യാപ്റ്റനെന്ന നിലയിൽ അഞ്ച് ടെസ്റ്റ് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് താരം. ശുഭ്മാന് മുമ്പ്, വിരാട് കോഹ്‌ലി മാത്രമാണ് ഈ നേട്ടം രണ്ടുതവണ നേടിയത്.