വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം അപരാജിത സെഞ്ചുറിയുമായി ക്രീസിലുള്ള ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. കരിയറിലെ ഏഴാം സെഞ്ചുറി നേടിയ ആദ്യ ദിനം 173 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ജയ്സ്വാള്‍ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണ് ലക്ഷ്യമിടുന്നത്. കരിയറില്‍ ഇതുവരെ നേടിയ ഏഴ് ടെസ്റ്റ് സെഞ്ചുറികളില്‍ അഞ്ചും 150ന് മുകളിലെത്തിക്കാനായി എന്നതാണ് ജയ്സ്വാളിന്‍റെ നേട്ടം.
അതായത് നേടിയ സെഞ്ചുറികളില്‍ 71.4 ശതമാനവും ഡാഡി ‘ഹണ്ട്രഡ് ആക്കി’ മാറ്റാന്‍ ജയ്സ്വാളിനായി.ജയ്സ്വാള്‍ സെഞ്ചുറി നേടിയാല്‍ അത് വെറും സെഞ്ചുറി മാത്രമാവില്ലെന്ന് ചുരുക്കം. സെഞ്ചുറികളെ വലിയ സെഞ്ചുറികളാക്കി മാറ്റുന്നതില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ പോലും നിലവില്‍ ജയ്സ്വാളിന് പിന്നിലാണ്. 29 സെഞ്ചുറികള്‍ നേടിയ ബ്രാഡ്മാന്‍ അതില്‍ 18ഉം 150ന് മുകളിലേക്ക് എത്തിച്ചപ്പോള്‍ കണ്‍വേര്‍ഷൻ റേറ്റ് 62.10 ശതമാനാണ്.
എന്നാല്‍ ഇതുവരെ ഏഴ് സെഞ്ചുറികള്‍ നേടിയ ജയ്സ്വാള്‍ അതില്‍ അഞ്ചിലും 150ന് മുകളിൽ സ്കോര്‍ ചെയ്ത് കണ്‍വേര്‍ഷൻ റേറ്റില്‍(71.40%) ബ്രാഡ്മാനെ പിന്നിലാക്കി. വീരേന്ദര്‍ സെവാഗാണ് സെഞ്ചുറികളെ വലി സെഞ്ചുറികളാക്കുന്നതില്‍ മൂന്നാമത്. സെവാഗ് നേടിയ 23 ടെസ്റ്റ് സെഞ്ചുറികളില്‍ 60.90 ശതമാനവും 150ന് മുകളില്‍ സ്കോര്‍ ചെയ്തവയാണ്. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ(55.90%), ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര(50%), ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(39.20) എന്നിവരാണ് ഈ പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സച്ചിന്‍ നേടിയ 51 ടെസ്റ്റ് സെഞ്ചുറികളില്‍ 20 എണ്ണം 150ന് മുകളില്‍ സ്കോര്‍ ചെയ്തതാണെങ്കിലും സെഞ്ചുറികളെ വലിയ സെഞ്ചുറികളാക്കുന്നതില്‍ സച്ചിനും ജയ്സ്വാളിന് പിന്നിലാണെന്നാണ് കണക്കുകള്‍.