കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് നിറവും ഉള്ളിലെ തിളക്കമുള്ള മണികളും കൊണ്ട് മാതളനാരങ്ങ (Pomegranate) മറ്റ് പഴങ്ങളിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ, അതിന്റെ മധുരത്തിനപ്പുറം, ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരു വലിയ ലോകം ആണ് ഒളിപ്പിച്ചുവച്ചിട്ടുള്ളത്. വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഓരോ മാതളമണിയും. ഒരു ഇടത്തരം മാതളത്തിൽ, ദിവസവും ആവശ്യമുള്ള വിറ്റാമിൻ സി യുടെ ഏകദേശം 40% അടങ്ങിയിരിക്കുന്നു. ദിവസവും ഒരെണ്ണം കഴിക്കുന്നത് കേവലം ഒരു ശീലം മാത്രമല്ല, ശരീരത്തിന് പ്രതിരോധവും ഊർജ്ജവും തിളക്കവും നൽകാനുള്ള ഒരു നിക്ഷേപം കൂടിയാണ്.
മാതളനാരങ്ങയുടെ ഏഴ് അദ്ഭുത ഗുണങ്ങൾ
1. ആന്റിഓക്സിഡന്റുകളുടെ ശക്തികേന്ദ്രം
മാതളമണികൾ പോളിഫെനോളുകൾ എന്ന ശക്തമായ ആന്റിഓക്സിഡന്റുകളുടെ കേന്ദ്രമാണ്. ശരീരത്തെ ഫ്രീ റാഡിക്കൽ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു കവചമായി ഇവ പ്രവർത്തിക്കുന്നു. ചർമ്മത്തിന്റെ വാർദ്ധക്യം, പ്രതിരോധശേഷി കുറയുന്നത്, മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കും. അതുകൊണ്ടാണ് മാതളനാരങ്ങയെ ‘പ്രകൃതിയുടെ യുവത്വം നിലനിർത്തുന്ന പഴം’ എന്ന് വിളിക്കുന്നത്.
2. ഹൃദയത്തിന്റെ നിശബ്ദ കൂട്ടാളി
ദിവസവും മാതളനാരങ്ങ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് രക്തയോട്ടം സുഗമമാക്കുകയും രക്തധമനികളുടെ വഴക്കം വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യും. രാവിലെ ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന് ആവശ്യമായ കരുത്തും സ്ഥിരതയും നൽകുന്നതായി പറയപ്പെടുന്നു.
3. ദഹനം എളുപ്പമാക്കാൻ
മാതളത്തിൽ അടങ്ങിയ നാരുകൾ ദഹന വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇത് വയറിലെ അസിഡിറ്റി കുറയ്ക്കുകയും കുടലിനെ ശാന്തമാക്കുകയും ചെയ്യും. അമിതമായി ഭക്ഷണം കഴിച്ചതിനു ശേഷം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ മാതളം കഴിക്കുന്നത് ഉത്തമമാണ്.
4. രോഗപ്രതിരോധ ശേഷിയുടെ കവചം
വിറ്റാമിൻ സി, വിറ്റാമിൻ ഇ, മറ്റ് സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിൽ കൂടുതൽ വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും, കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാൻ ശരീരത്തെ സജ്ജമാക്കുകയും ചെയ്യുന്നു.
5. ഉള്ളിൽ നിന്ന് തിളങ്ങുന്ന ചർമ്മം
നല്ല ചർമ്മം തുടങ്ങുന്നത് വയറ്റിൽ നിന്നാണ്. മാതളത്തിലുള്ള ജലാംശവും രോഗശാന്തി നൽകുന്ന സംയുക്തങ്ങളും ചർമ്മത്തിലെ നേർത്ത ചുളിവുകളെ കുറയ്ക്കാനും വീക്കം (inflammation) തണുപ്പിക്കാനും സഹായിക്കുന്നു. ഇത് ചർമ്മത്തിന് സ്വാഭാവികമായ തിളക്കവും ആരോഗ്യവും നൽകുന്നു.
6. പേശീ വേദന കുറയ്ക്കാൻ
ജിമ്മിൽ പോകുന്നവർക്കും കൂടുതൽ സമയം നിൽക്കേണ്ടി വരുന്നവർക്കും മാതളനാരങ്ങ ഒരു മികച്ച കൂട്ടാണ്. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വ്യായാമത്തിന് ശേഷമുള്ള പേശീ വേദന കുറയ്ക്കാനും വേഗത്തിൽ വീണ്ടെടുക്കാനും സഹായിക്കുന്നു. കൃത്രിമ ബൂസ്റ്ററുകൾ ഇല്ലാത്ത ഈ സ്വാഭാവിക പാനീയം കായികതാരങ്ങൾക്കിടയിൽ പ്രിയങ്കരമാണ്.
7. ഓർമ്മശക്തി മെച്ചപ്പെടുത്താൻ
മാതളത്തിലെ ആന്റിഓക്സിഡന്റുകൾ ഓർമ്മക്കുറവ് കുറയ്ക്കാൻ സഹായിക്കുമെന്നും തലച്ചോറിനെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുമെന്നും സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ദിവസവും മാതളം കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും തലച്ചോറിനെ അകാല വാർദ്ധക്യത്തിൽ നിന്നും സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കും.
കാഴ്ചയ്ക്ക് ഭംഗിയുള്ള ഈ പഴം ആരോഗ്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഒരു ദിവസം ഒരു മാതളനാരങ്ങ കഴിക്കുന്നത്, സ്വാഭാവികമായ മധുരം ആസ്വദിക്കുന്നതിനൊപ്പം ശരീരത്തിന് അകത്തും പുറത്തും ഒരുപോലെ ഗുണങ്ങൾ നൽകുന്ന ഒരു ആരോഗ്യ ശീലമാണ്. ഈ ‘പ്രകൃതിയുടെ മാണിക്യം’ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തി ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാം.