തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് അതിന്റെ ഒന്നാം ഘട്ടമാണെന്നും കോൺഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ.
ഞങ്ങൾ ഈ കാര്യം ഗൗരവമായി പരിശോധിക്കും. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. അതിന്റെ ഒന്നാം ഘട്ടമായി 24 മണിക്കൂറിനകം ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജിവച്ചു. ഇനി പാർട്ടി അന്വേഷിക്കും. അതിന് ഒരു നടപടിക്രമമുണ്ട്. എന്നിട്ട് നോക്കാം.
ആരോപണ വിധേയരായി നിൽക്കുന്നവർ എത്ര പേരുണ്ട്. ഞങ്ങൾ അതൊന്നും നോക്കിയിട്ടില്ല തീരുമാനമെടുക്കുന്നത്. സിപിഎമ്മും ബിജെപിയും എന്തു ചെയ്തു എന്ന് നോക്കിയല്ല ഞങ്ങളുടെ തീരുമാനം.
ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിന് വിട്ടുവീഴ്ചയില്ലാത്ത തീരുമാനമുണ്ട്. ആരോപണമുന്നയിക്കുന്ന സ്ത്രീകൾക്കെതിരായി ഒരു പ്രചരണവും യുഡിഎഫ് പ്രവർത്തകർ നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.