ചാറ്റ് ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺ എഐയെ ഏറ്റെടുക്കാൻ ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക് മെറ്റ സിഇഒ മാർക്ക് സക്കർബർഗിനോട് 9740 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ചോദിച്ചിരുന്നതായി റിപ്പോർട്ട്. ഈ വർഷം ആദ്യമാണ് ഈ നീക്കങ്ങൾ നടന്നത്. ഓപ്പൺ എഐയ്ക്കെതിരായി മസ്ക് നൽകിയ കേസിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട രേഖകളിലാണ് ഈ വിവരമുള്ളത്.
ഒരു നോൺ പ്രോഫിറ്റ് സ്ഥാപനമായിരുന്ന ഓപ്പൺ എഐയെ ഫോർ പ്രോഫിറ്റ് സ്ഥാപനമാക്കി മാറ്റാനുള്ള സാം ഓൾട്ട്മാന്റെ തീരുമാനം കരാർ ലംഘനമാണെന്ന് കാണിച്ച് മാസങ്ങൾക്ക് മുമ്പ് ഇലോൺ മസ്ക് രംഗത്തുവന്നിരുന്നു. ഓപ്പൺ എഐ ലാഭത്തിന് വേണ്ടി പ്രവർത്തിക്കുന്നൊരു സ്ഥാപനമായി മാറുന്നതിനെ സഹസ്ഥാപകൻ കൂടിയായ മസ്ക് എതിർത്തിരുന്നു.
കമ്പനി ഏറ്റെടുക്കുന്നതിനുള്ള സാമ്പത്തിക പിന്തുണയ്ക്കായി ഇലോൺ മസ്കും എക്സ് എഐയും നിക്ഷേപകരുടെ ഒരു കൺസോർഷ്യമുണ്ടാക്കാൻ ശ്രമിച്ചിരുന്നതായി കോടതിയിൽ നൽകിയ പ്രസ്താവനയിൽ ഓപ്പൺ എഐ പറഞ്ഞു. നിക്ഷേപമോ സാമ്പത്തിക പിന്തുണയോ ആവശ്യപ്പെട്ട് മെറ്റ സിഇഒ മാർക്ക് സക്കർബർഗിനേയും മസ്ക് സന്ദർശിച്ചതായി പ്രസ്താവനയിൽ പറയുന്നു. എന്നാൽ സക്കർബർഗോ മെറ്റയോ അതിന് തയ്യാറാവുകയോ കരാറൊപ്പിടുകയോ ചെയ്തിട്ടില്ല.
അതേസമയം, ഓപ്പൺ എഐ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മസ്കും സക്കർബർഗും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. പൊതുവെ ശത്രുത പുലർത്തുന്ന ഇരുവരും തങ്ങളുടെ വൈരാഗ്യം മറന്ന് പങ്കാളിത്തത്തെക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ടെങ്കിൽ, അത് ഓപ്പൺ എഐയുമായി ബന്ധപ്പെട്ട് അവർക്ക് വലിയ ആശങ്കയുണ്ട് എന്നതിന്റെ തെളിവാണ്.