ന്യൂയോര്‍ക്ക്: വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപിന് ആശ്വാസം. കേസില്‍ കീഴ്കോടതി ചുമത്തിയ 454 മില്യണ്‍ ഡോളറിന്റെ പിഴ അപ്പീല്‍ കോടതി റദ്ദാക്കി. അഞ്ചംഗ അപ്പീല്‍ കോടതിയാണ് പിഴ റദ്ദാക്കിയത്. കുറ്റം നടന്നിട്ടുണ്ടെന്നും, ചുമത്തിയിരിക്കുന്ന പിഴ അമിതമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി. കേസില്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ സമ്പൂര്‍ണ വിജയം എന്നാണ് ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ന്യൂയോര്‍ക്ക് കോടതി ഡൊണാള്‍ഡ്‌ ട്രംപിനെയും ട്രംപ് ഓര്‍ഗനൈസേഷനെയും ശിക്ഷിച്ചത്.

സര്‍ക്കാര്‍ പൗരന്മാര്‍ക്ക് മേല്‍ അമിതമായ ശിക്ഷകള്‍ ചുമത്തുന്നത് വിലക്കാന്‍ ഭരണഘടനയില്‍ അനുശാസിക്കുന്ന എട്ടാം ഭേദഗതിയെ പ്രതിപാദിച്ചുകൊണ്ടായിരുന്നു ട്രംപിന് അനുകൂലമായ വിധി. ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മാറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് നേട്ടങ്ങള്‍ ഉറപ്പാക്കാന്‍ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്.

2024 ഫെബ്രുവരിയിലാണ് കീഴ്‌ക്കോടതി ട്രംപിന് 355 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയത്. പിഴയൊടുക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ പലിശയടക്കം 454 മില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ഈ വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ട്രംപ് തട്ടിപ്പിന് ഉത്തരവാദിയാണെങ്കിലും പിഴ അമിതമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കഠിനമായ ശിക്ഷയ്ക്ക് എതിരായ ഭരണഘടനാ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പിഴ എന്നും കോടതി നിരീക്ഷിച്ചു.

അതേസമയം പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് ലൈംഗിക ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നുമുള്ള കേസ് അടക്കം ട്രംപിനെതിരെയുണ്ട്.