ന്യൂഡൽഹി: വിമാനത്താവളത്തിലേതിന് സമാനമായി ലഗേജ് പരിശോധന സംവിധാനമൊരുക്കാൻ ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളിലോ പുറത്തേക്കുള്ള ഗേറ്റുകളിലോ സ്കാൻ സംവിധാനമൊരുക്കി പരിശോധനയും ഭാരവും പരിശോധിക്കും. ലഗേജ് വലുതോ ഭാരം കൂടുതലാ ആണെങ്കിൽ പിഴയും ഏർപ്പെടുത്തും. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിലാകും സംവിധാനമൊരുക്കുക.

പരിശോധനകൾക്കായി സ്റ്റേഷനുകളിൽ ഇലക്ട്രോണിക് മെഷീനുകളും സ്കാനറുകളും സ്ഥാപിക്കും. സ്കാൻ ചെയ്തതിന് ശേഷം ബാഗുകൾ ടാഗ് ചെയ്യും. ബാഗേജ് ക്ലിയർ ചെയ്തതിനുശേഷം മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് അനുവദിക്കൂ. നിശ്ചിത പരിധിയിൽ കൂടുതൽ കൊണ്ടുപോകുന്നത് അധിക ചാർജുകൾ നൽകുകയോ ലഗേജ് പാഴ്‌സലായി ബുക്ക് ചെയ്യുകയോ ചെയ്യും. കോച്ചുകൾക്കുള്ളിൽ അസൗകര്യമുണ്ടാക്കുന്ന അമിത വലുപ്പമുള്ള ലഗേജ് ഭാരപരിധിയിൽ താഴെയാണെങ്കിൽ പോലും പിഴ ഈടാക്കും.

കോച്ചുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ നിർദേശമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദീർഘദൂര റൂട്ടുകളിലെ യാത്രക്കാർക്ക് കൂടുതൽ കാര്യക്ഷമവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് നോർത്ത് സെൻട്രൽ റെയിൽവേയിലെ പ്രയാഗ്‌രാജ് സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഹിമാൻഷു ശുക്ല പറഞ്ഞു.

ആദ്യഘട്ടത്തിൽ നോർത്ത് സെൻട്രൽ റെയിൽവേ, നോർത്തേൺ റെയിൽവേ എന്നിവയുടെ കീഴിലുള്ള പ്രധാന സ്റ്റേഷനുകളിലാണ് ആദ്യം നിയമങ്ങൾ നടപ്പിലാക്കുക. പ്രയാഗ്‌രാജ് ജങ്ഷൻ, ചിയോകി, സുബേദർഗഞ്ച്, കാൺപൂർ സെൻട്രൽ, മിർസാപൂർ, തുണ്ട്ല, അലിഗഡ് ജങ്ഷൻ, ഗോവിന്ദ്പുരി, ലഖ്‌നൗ ചാർബാഗ്, ബനാറസ്, ഇറ്റാവ എന്നിവ എന്നിവടങ്ങളിൽ നിർദേശം നടപ്പിലാക്കും.

വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന തരത്തിലുള്ള പ്രീമിയം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ തുറക്കും. വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, യാത്രാ ഉപകരണങ്ങൾ എന്നിവയാകും ഇവിടെ വിൽക്കുക. പ്രയാഗ്‌രാജ് ജങ്ഷനിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം 960 കോടി രൂപ നിക്ഷേപിച്ച് റെയിൽവേ നവീകരണം നടത്തും. ഒൻപത് നിലകളുള്ള ടെർമിനലിൽ വിശാലമായ ലോഞ്ചുകൾ, അതിവേഗ വൈ ഫൈ, സോളാർ പവർ സിസ്റ്റങ്ങൾ, മഴവെള്ള സംഭരണം, ഡിജിറ്റൽ ഡിസ്‌പ്ലേകൾ, ഓട്ടോമേറ്റഡ് ടിക്കറ്റ് മെഷീനുകൾ എന്നിവ സ്ഥാപിക്കും.