ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ  വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായാണ് ലോകസഭയിൽ  അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികളെയുപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിൻ്റെ തുടർച്ചയാണിത്. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിൻ്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീർഘകാലം ജയിലിൽ അടച്ചിരുന്നു. എന്നാൽ അവർ രാജി വെയ്ക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുക, അതിൻ്റെ പേരിൽ അയോഗ്യരാക്കുക- നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.