ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ജൻ സൺവായ് (പൊതു പരാതി കേൾക്കൽ) പരിപാടിക്കിടെയാണ് സംഭവം. പരാതി പറയാനെത്തിയ ഒരാൾ അവരെ ആക്രമിച്ചതായി പോലീസ് പറഞ്ഞു. 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ചില പേപ്പറുകളുമായി വന്ന് പെട്ടെന്ന് അവരെ മർദ്ദിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയെ അടിച്ചു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ ഈ ആരോപണങ്ങൾ നിഷേധിച്ച് അവർ ആക്രമിക്കപ്പെടുകയായിരുന്നു എന്ന് വ്യക്തമാക്കി.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പ്രതി ആദ്യം പേപ്പറുകൾ മുഖ്യമന്ത്രിക്ക് കൈമാറി, തുടർന്ന് അവരെ ആക്രമിക്കുന്നതിന് മുമ്പ് നിലവിളിക്കാനും അലറാനും തുടങ്ങി. ഉടൻ തന്നെ അയാളെ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
ജയിലിലുള്ള ഒരു ബന്ധുവിനെ വിട്ടുകിട്ടാനുള്ള ഹർജിയുമായി ബന്ധപ്പെട്ടാണ് ഇയാൾ വന്നതെന്നും, ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.



