ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കിരീടം ഉറപ്പിച്ചത് ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത അസാമാന്യ ക്യച്ചിലൂടെയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ഫുള്‍ടോസായ ഹാര്‍ദ്ദിക്കിന്‍റെ ആദ്യ പന്ത് ഡേവിഡ് മില്ലര്‍ ലോംഗ് ഓഫിലേക്ക് സിക്സിനായി പറത്തിയെങ്കിലും ഓടിയെത്തിയ സൂര്യകുമാര്‍ യാദവ് പന്ത് കൈയിലൊതുക്കി.

ഓട്ടത്തിനിടെ നിയന്ത്രണം നഷ്ടമായി ബൗണ്ടറി ലൈന്‍ കടക്കും മുമ്പ് പന്ത് വായുവിലെറിഞ്ഞ് തിരികെ ബൗണ്ടറിക്ക് അകത്തെത്തി സൂര്യകുമാ‍ർ ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. ഇതായിരുന്നു മത്സരത്തിന്‍റെ ഗതി തിരിച്ചത്. എന്നാല്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി റോപ്പ് മാറിയിരിക്കുന്നത് പിന്നീട് വലിയ ചര്‍ച്ചയായി. ബൗണ്ടറി റോപ്പ് യഥാര്‍ത്ഥ സ്ഥാനത്തായിരുന്നെങ്കില്‍ അത് സിക്സ് ആവുമായിരുന്നുവെന്നും ദക്ഷിണഫ്രിക്ക ഒരുപക്ഷെ ജേതാക്കളാവുമായിരുന്നുവെന്നുമുള്ള ചര്‍ച്ചകളും ആരാണ് ബൗണ്ടറി റോപ്പ് നീക്കിവെച്ചതെന്ന ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മത്സരത്തില്‍ കമന്‍ററി ബോക്സിലുണ്ടായിരുന്ന മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു.

സത്യത്തില്‍ ബൗണ്ടറി റോപ്പ് പിന്നിലേക്ക് തള്ളിയിരുന്നുവെന്നും എന്നാല്‍ അത് ഇത് ഇന്ത്യൻ ടീമിന്‍റെ പിഴവല്ലെന്നും അണ്‍ഫില്‍ട്ടേര്‍ഡ് പോഡ്കാസ്റ്റിൽ അംബാട്ടി റായുഡു പറഞ്ഞു. ഓവറുകളുടെ ഇടവേളയില്‍ മത്സരത്തിന്‍റെ ബ്രോഡ്‌കാസ്റ്റിംഗ് ടീം ബൗണ്ടറിക്ക് സമീപം ഒരു കസേരയിട്ട് അതിന് മുകളില്‍ സ്ക്രീന്‍ വെക്കും. ഗ്രൗണ്ടില്‍ എന്താണ് നടക്കുന്നത് എന്ന് കാണാനാണിത്. ഇതിനായി ബൗണ്ടറി റോപ്പ് അല്‍പം പുറകിലേക്ക് തള്ളി നീക്കുകയായിരുന്നു. അതിനുശേഷം അവര്‍ ബൗണ്ടറി റോപ്പ് തിരിച്ച് യഥാസ്ഥാനത്ത് ആക്കിയതുമില്ല. അങ്ങനെയാണ് ഇന്ത്യക്ക് ബൗണ്ടറിയുടെ വലിപ്പം കൂടി കിട്ടിയത്. 

ഇതൊന്നും പക്ഷെ നേരത്തെ പ്ലാൻ ചെയ്ത് സംഭവിച്ച കാര്യങ്ങളല്ല. ബൗണ്ടറി റോപ്പ് യഥാര്‍ത്ഥ സ്ഥാനത്തായിരുന്നെങ്കില്‍ ആ ക്യാച്ച് സിക്സ് ആവുമായിരുന്നോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ എനിക്ക് പറയാനാവില്ല. ഒരുപക്ഷെ അങ്ങനെയാണെങ്കില്‍ സൂര്യകുമാര്‍ കുറച്ചുകൂടി അകത്തുകൂടി ഓടുമായിരിക്കാം. അതെന്തായാലും അന്ന് സൂര്യയെടുത്തത് ക്ലീന്‍ ക്യാച്ചായിരുന്നു. അതില്‍ ഇന്ത്യൻ ടീമിന്‍റെ ഭാഗത്തോ സൂര്യകുമാറിന്‍റെ ഭാഗത്തോ ഒരു തെറ്റുമില്ല. ദൈവം ഇന്ത്യയുടെ കൂടെയായിരുന്നുവെന്നെ എനിക്ക് പറയാനാവു.