ഇസ്ലാമാബാദ്: രാഷ്ട്രീയ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ. ആസിഫ് അലി സർദാരിക്ക് പകരം അസിം മുനീർ പാകിസ്താന്റെ പ്രസിഡന്റായേക്കുമെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അസിം മുനീർ തള്ളിക്കളഞ്ഞു. യുഎസ് സന്ദർശനം കഴിഞ്ഞ് ബെൽജിയത്തിൽ എത്തിയ ശേഷം, ഡെയ്ലി ജാങ് പത്രത്തോടായിരുന്നു അദ്ദേഹത്തിൻരെ പ്രതികരണം. പാകിസ്താന്റെ ഉന്നതാധികാര സ്ഥാനങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തീർത്തും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ താൻ രാജ്യത്തിന്റെ സേവകൻ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും പത്രം റിപ്പോർട്ട് ചെയ്തു. ”ദൈവം എന്നെ രാജ്യത്തിന്റെ (പാകിസ്താന്റെ) സംരക്ഷകനാക്കി. അതല്ലാതെ മറ്റൊരു സ്ഥാനവും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒരു സൈനികനാണ്, എന്റെ ഏറ്റവും വലിയ ആഗ്രഹം രക്തസാക്ഷിത്വമാണ്.” – അസിം മുനീർ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു.

പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ഉടൻ സ്ഥാനമൊഴിഞ്ഞേക്കുമെന്നും പകരം സൈനിക മേധാവി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തേക്കുമെന്നുമുള്ള അഭ്യൂഹം അടുത്തിടെ ശക്തമായിരുന്നു. സമീപകാലത്ത് ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം കിട്ടിയ അസിം മുനീർ ഒരു മാസത്തിനുള്ളിൽ രണ്ട് തവണ അമേരിക്ക സന്ദർശിക്കുകയും ചെയ്തതോടെയായിരുന്നു ഇത്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ മറികടന്ന് അദ്ദേഹം യുഎസ്. ഉന്നത നേതൃത്വവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. നിലവിലുള്ള പാർലമെന്ററി സംവിധാനത്തെ മാറ്റി പ്രസിഡൻഷ്യൽ രൂപത്തിലുള്ള സർക്കാർ സ്ഥാപിക്കാനുള്ള ശ്രമം പാകിസ്താനിൽ നടക്കുന്നുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.