കാൻബറ: ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ 4.9 തീവ്രതയുള്ള ഭൂചലനം. ശനിയാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ക്വീൻസ്ലാൻഡിലെ സൺഷൈൻ കോസ്റ്റിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. ജിയോസയൻസ് ഓസ്ട്രേലിയയുടെ പ്രാഥമിക ഡാറ്റ പ്രകാരം ബ്രിസ്ബേനിൽ നിന്ന് ഏകദേശം 260 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ഗൂമെരിക്ക് സമീപമാണ് പ്രഭവകേന്ദ്രം. തുടർ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ട്.
ബ്രിസ്ബേനിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ (110 മൈൽ) വടക്ക് പടിഞ്ഞാറ് കിൽക്കിവിയൻ എന്ന ഗ്രാമീണ പട്ടണമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) അറിയിച്ചു. ക്വീൻസ്ലൻഡ് സംസ്ഥാനത്തെ ബാധിച്ച ഭൂചലനം 5.7 തീവ്രത രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകളുണ്ട്.
സുനാമി ഭീഷണിയില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതുവരെ കാര്യമായ നാശനഷ്ടങ്ങളോ ആൾനാശമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കുടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ ഭൂചലനത്തിൽ തെക്കുകിഴക്കൻ ക്വീൻസ്ലാൻഡ്, ബ്രിസ്ബേൻ, സൺഷൈൻ കോസ്റ്റ് മുതൽ ഗോൾഡ് കോസ്റ്റ് വരെ പ്രകമ്പനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. 9,000ത്തിലധികം ആളുകൾക്ക് ഭൂചലനം അനുഭവിച്ചതായി ഫെഡറൽ ഏജൻസി ജിയോസയൻസ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്തു.



