വാഷിങ്ടൺ: ഡോണാൾഡ് ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്യാൻ താൻ തയാറാണെന്ന് ഹിലരി ക്ലിന്റൺ. റഷ്യക്ക് ഒരു ഭൂപ്രദേശവും വിട്ടുകൊടുക്കാതെ യുക്രെയ്ൻ യുദ്ധം തീർക്കുകയാണെങ്കിൽ താൻ സമാധാന നൊബേലിനായി ട്രംപിനെ നാമനിർദേശം നിർദേശം ചെയ്യുമെന്ന് ഹിലരി പറഞ്ഞു.

സത്യം പറഞ്ഞാൽ, ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. യുക്രെയ്‌നിന് ഒരു പ്രദേശവും റഷ്യക്ക് വിട്ടുനൽകാതെ യുദ്ധം തീർക്കാൻ ട്രംപിന് കഴിയുകയാണെങ്കിൽ അദ്ദേഹത്തെ സമാധാന നൊബേലിന് ശിപാർശ ചെയ്യുമെന്ന് ഹിലരി ക്ലിന്റൺ പറഞ്ഞു. യുദ്ധത്തിന്റെ അവസാനം പുടിന് മേൽക്കെ ഉണ്ടാവരുതെന്നും ഹിലരി ക്ലിന്റൺ കൂട്ടിച്ചേർത്തു.

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് അലാസ്കയിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പാണ് ഹിലരി ക്ലിന്റണിന്റെ പ്രസ്താവന. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് ഹിലരിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചിരുന്നു.

യുക്രെയ്ൻ-റഷ്യ യുദ്ധം തീർക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ രാഷ്ട്രതലവൻ വ്ലാഡമിർ പുടിനും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നില്ല. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇരു രാഷ്ട്രനേതാക്കളും അറിയിക്കുകയും ചെയ്തു. ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്നും കൂടുതൽ മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

നാറ്റോ അംഗങ്ങളുമായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും ചർച്ച നടത്തിയതിന് ശേഷം മാത്രമേ അന്തിമ കരാറിൽ എത്താനാവു. ഇവർ കൂടി കരാറിന് സമ്മതിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പ്രാഥമികമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ യുക്രെയ്ൻ യുദ്ധത്തിന് അവസാനമാകുവെന്ന് ചർച്ചകൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പുടിൻ പറഞ്ഞു.