പാരിസ്: ഫ്രഞ്ച് ടെലികോം ഭീമനായ ഓറഞ്ച് തന്നോട് ചെയ്ത ഭീകരമായ ചതിക്ക് കോടതിയിൽ പോയി പകരം ചോദിക്കാൻ തയ്യാറായിരിക്കുകയാണ് ലോറൻസ് വാൻ വാസൻഹോവ് എന്ന ഫ്രഞ്ച് വനിത. തന്റെ കമ്പനി തന്നെ 20 വർഷം ശമ്പളം നൽകി വെറുതെയിരുത്തി എന്നാണ് അവരുടെ പരാതി. തന്നെ ജോലി ചെയ്യാൻ അനുവദിക്കാതെ കഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് ലോറൻസ് വാൻ വാസൻഹോവ് കോടതിയിൽ കേസ് ഫയൽ ചെയ്തു.

നിലവിൽ 59 വയസ്സുള്ള ഇവർക്ക് 1993-ൽ ഫ്രാൻസ് ടെലികോമിൽ ജോലി ലഭിച്ചിരുന്നു. പിന്നീട് അപസ്മാരം, പക്ഷാഘാതം എന്നിവ ബാധിച്ചതിനെ തുടർന്ന് കാര്യമായ ജോലിയൊന്നും ചെയ്യാൻ സാധിക്കാതെ വന്നു. 2002 മുതൽ കമ്പനി ശമ്പളം നൽകി വീട്ടിലിരുത്തിയെന്നും ഒരു ജോലിയും നൽകാതെ ഒറ്റപ്പെടുത്തിയെന്നും അവർ ആരോപിക്കുന്നു. കേൾക്കുമ്പോൾ ഈ സ്ത്രീയുടെ ഭാഗത്ത് എന്തോ വലിയ തെറ്റുണ്ടെന്ന് തോന്നാം. എന്നാൽ കാര്യങ്ങൾ അൽപ്പം സങ്കീര്‍ണമാണ്.

1993-ൽ ഫ്രാൻസ് ടെലികോമിൽ ഹ്യൂമൻ റിസോഴ്സസ് സ്പെഷ്യലിസ്റ്റായി ജോലിയിൽ പ്രവേശിച്ച ലോറൻസിന് പിന്നീട് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായി. അപസ്മാരവും, ഭാഗികമായ പക്ഷാഘാതവുമായിരുന്നു പ്രശ്നം. ഈ പ്രശ്നങ്ങൾ പരിഗണിച്ച് ലോറൻസിന് അവർക്ക് യോജിച്ച ചില ജോലികളിലേക്ക് കമ്പനി മാറ്റി. ഈ ജോലി അവർ 2002 വരെ ബുദ്ധിമുട്ടുകളില്ലാതെ ചെയ്തു. എന്നാൽ 2002ൽ സ്ഥിതിഗതികളിൽ ചില മാറ്റങ്ങൾ വന്നു.

ഫ്രാൻസ് ടെലികോം കമ്പനിയെ കോർപ്പറേറ്റ് ഭീമനായ ഓറഞ്ച് ഏറ്റെടുത്തു. ഈ കമ്പനി നടത്തിയ പരിശോധനയിൽ ലോറൻസിന് ജോലി ചെയ്യാൻ ആവശ്യമായ ആരോഗ്യമില്ലെന്ന് കണ്ടെത്തി. അവരെ അന്നുമുതൽക്ക് ശമ്പലം നൽകി ജോലിയില്‍ നിന്ന് മാറ്റി നിർത്തി. ജോലിയില്ലാതെ ശമ്പളം വാങ്ങുന്നത് പലർക്കും സ്വപ്നതുല്യമായ കാര്യമായി തോന്നാമെങ്കിലും ഇത് തനിക്ക് ദുരിതമയമായ അനുഭവമായിരുന്നുവെന്ന് ലോറൻസ് പറയുന്നു.