നാല് ദിവസത്തെ സൈനിക സംഘർഷത്തിൽ ഇന്ത്യൻ സേനയോട് പരാജയപ്പെട്ടതിന് പിന്നാലെ, ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സിൻ്റെ (PLARF) മാതൃകയിൽ പുതിയ ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡ് (എആർഎഫ്സി) രൂപീകരിക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിന് തലേദിവസം, ഓഗസ്റ്റ് 13-ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പുതിയ സൈനിക സേനയെക്കുറിച്ച് പ്രഖ്യാപിച്ചു. പാക് സൈന്യത്തിൻ്റെ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇത് ഒരു നാഴികക്കല്ലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“ഇത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സജ്ജീകരിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പുതിയ കമാൻഡ് പരമ്പരാഗത യുദ്ധമുറകളിലെ പാകിസ്ഥാൻ്റെ മിസൈൽ പോരാട്ട ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുമായി നാല് ദിവസം നീണ്ട സൈനിക സംഘർഷത്തിന് മൂന്ന് മാസത്തിന് ശേഷമാണ് പാകിസ്ഥാൻ്റെ ഈ നീക്കം. ഇന്ത്യയുടെ മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത മിസൈലുകളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.