യുഎഇ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സും ചില അങ്കർ പവർ ബാങ്ക് മോഡലുകൾ വിമാനത്തിൽ കൊണ്ടുപോകുന്നത് നിരോധിച്ചു. കഴിഞ്ഞ ദിവസം എമിറേറ്റ്സ് വിമാന കമ്പനി പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഈ ഖത്തർ എയർവേയ്‌സും നിരോധിച്ചത്.

തീപിടിത്തത്തിനും പൊട്ടിത്തെറിക്കും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി എന്നാണ് റിപ്പോർട്ട്. യാത്രക്കാർ വിമാനത്തിൽ പവർ ബാങ്കുകൾ കൈവശം വെക്കുകയോ ലഗേജ് ആയി ചെക്ക് ഇൻ ചെയ്യുകയോ ചെയ്യുന്ന പവർ ബാങ്കുകൾ വിമാന യാത്രയിലെ ഒരു പ്രധാന സുരക്ഷാ വെല്ലുവിളിയാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിനെ തുടർന്നാണ് ഖത്തർ എയർവേയ്‌സ് ഇപ്പോൾ നിരോധനം പ്രഖ്യാപിച്ചത്. 2025 ജൂണിൽ റീക്കോൾ ചെയ്ത അങ്കർ പവർ മോഡലുകൾ (A1647/A1652/A1681/A1689/A1257) , അങ്കർ പവർകോർ 10000 പവർ ബാങ്ക് 2025 ജൂണിൽ റീക്കോൾ ചെയ്ത മോഡൽ, 2024 ഒക്ടോബറിൽ റീക്കോൾ ചെയ്ത അങ്കർ പവർ ബാങ്ക് (മോഡൽ: A1642/A1647/A1652) എന്നിവയാണ് നിരോധിച്ചത്.

ഈ മോഡലുകൾ വിപണിയിൽ ഇറക്കിയെങ്കിലും കമ്പനി തന്നെ തിരിച്ച് വിളിക്കുകയായിരുന്നു. കാരണം തകരാറുള്ള ലിഥിയം അയൺ ബാറ്ററികൾ ഈ മോഡലുകളിൽ ഉപയോഗിക്കുന്നതിനാൽ തീപിടിത്ത സാധ്യത വർധിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഖത്തർ എയർവേയ്‌സിനെപ്പോലെയുള്ള പ്രമുഖ വിമാനക്കമ്പനികൾ സമീപകാലത്ത് ഈ വിഷയത്തിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.