ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കും മറ്റൊരാൾക്കുമെതിരെ 60 കോടി രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തു. ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് ഡീൽ ടി.വി. പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ മുംബൈയിലെ ഒരു വ്യവസായിയെ കബളിപ്പിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി.

ലോട്ടസ് ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് ഡയറക്ടറായ ദീപക് കോത്താരിയാണ് പരാതിക്കാരൻ. രാജേഷ് ആര്യ എന്നയാൾ വഴിയാണ് താൻ ശിൽപ ഷെട്ടിയെയും രാജ് കുന്ദ്രയെയും പരിചയപ്പെട്ടതെന്ന് കോത്താരി പറയുന്നു. 2015-നും 2023-നും ഇടയിൽ ബെസ്റ്റ് ഡീൽ ടി.വി.യുടെ ഡയറക്ടർമാരായിരുന്ന ഇവർക്ക് കമ്പനിയുടെ 87.6 ശതമാനം ഓഹരികളുണ്ടായിരു ന്നതായും കോത്താരി പരാതിയിൽ ചൂണ്ടിക്കാട്ടി.

ബിസിനസ് വിപുലീകരണത്തിനായി താൻ 60 കോടി രൂപ കമ്പനിയിൽ നിക്ഷേപിച്ചു. എന്നാൽ ഈ പണം ശിൽപ ഷെട്ടി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും അത് വഴി തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നും കോത്താരി ആരോപിക്കുന്നു.

കേസിൽ ഉൾപ്പെട്ട തുക 10 കോടി രൂപയിൽ കൂടുതലായതുകൊണ്ട്, കേസിന്റെ അന്വേഷണം സാമ്പത്തിക കുറ്റകൃത്യ വിഭാഗമായ ഇക്കണോമിക് ഒഫൻസ് വിംഗിന് (EOW) കൈമാറിയിട്ടുണ്ട്. പോൺ ചിത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്ര മുമ്പ് അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിരുന്നു. ഈ കേസ് രാജ് കുന്ദ്രയെയും ശിൽപ ഷെട്ടിയെയും വീണ്ടും നിയമക്കുരുക്കിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.