മലയാളത്തിലെ പ്രശസ്ത നടിയും അവതാരകയുമായ ജുവൽ മേരി, തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധികളെക്കുറിച്ച് ആദ്യമായി തുറന്നുപറയുന്നു. പൊരുതി നേടിയ വിവാഹമോചനം, അതിനിടെ കാൻസർ എന്ന രോഗാവസ്ഥ. ഈ വെല്ലുവിളികളെ അതിജീവിച്ചതിനെക്കുറിച്ച് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജുവൽ മേരി മനസ്സുതുറന്നത്.
‘ഞാൻ വിവാഹിതയായിരുന്നു, ഇപ്പോൾ വിവാഹമോചിതയാണ്. ഒരുപാട് ബുദ്ധിമുട്ടുകൾക്കൊടുവിൽ, പോരാടി നേടിയെടുത്ത സ്വാതന്ത്ര്യമാണെന്റെ വിവാഹമോചനം. ഏകദേശം നാല് വർഷത്തോളം നിയമപോരാട്ടങ്ങൾക്കൊടുവിലാണ് എനിക്ക് വിവാഹമോചനം ലഭിച്ചത്. 2021 മുതൽ ഞങ്ങൾ പിരിഞ്ഞുതാമസിക്കുകയായിരുന്നു. വിവാഹമോചനം കിട്ടിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ആറ് വർഷം നീണ്ട ദാമ്പത്യം എന്നെ മാനസികമായി വല്ലാതെ തളർത്തിയിരുന്നു.’
വിവാഹബന്ധത്തിലെ പ്രശ്നങ്ങൾക്കിടയിലാണ് ജുവൽ തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിയുന്നത്. വർഷങ്ങളായി തൈറോയ്ഡ് രോഗിയായ ജുവൽ, പതിവ് പരിശോധനകൾക്കായി പോയപ്പോഴാണ് രോഗം കണ്ടെത്തുന്നത്.
ചെറിയ ചുമ മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്ന ഒരേയൊരു ലക്ഷണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ സ്കാനിലാണ് കഴുത്തിൽ ഒരു മുഴയുണ്ടെന്ന് കണ്ടെത്തിയത്. നഴ്സിംഗ് പഠിച്ചിരുന്നതുകൊണ്ട് സ്കാൻ റിപ്പോർട്ട് കണ്ടപ്പോൾത്തന്നെ എന്തോ പ്രശ്നമുണ്ടെന്ന് ജുവലിന് മനസ്സിലായി. ഡോക്ടർമാർ ബയോപ്സി നിർദ്ദേശിച്ചപ്പോൾ മാനസികമായി താൻ തകർന്നുപോയെന്നും ജുവൽ പറയുന്നു.
രണ്ടു തവണ നടത്തിയ ബയോപ്സികൾക്കു ശേഷം ജുവലിന് കാൻസറാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയയായി. ശസ്ത്രക്രിയക്ക് ശേഷം ശബ്ദം നഷ്ടപ്പെടുകയും കൈകൾക്ക് ബലക്കുറവുണ്ടാകുകയും ചെയ്തു. ഫിസിയോതെറാപ്പിയിലൂടെയാണ് പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഈ ദുരിത കാലഘട്ടത്തിൽ തന്റെ കുടുംബം നൽകിയ പിന്തുണയ്ക്ക് ജുവൽ നന്ദി പറഞ്ഞു.
വിവാഹബന്ധത്തിലെ പ്രശ്നങ്ങളിൽനിന്നും രോഗാവസ്ഥയിൽനിന്നും പുറത്തുവരാൻ താൻ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിയെന്ന് ജുവൽ പറയുന്നു. കരയാനോ ഉറങ്ങാനോ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും കൗൺസിലിംഗും തെറാപ്പിയും തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും ജുവൽ തുറന്നുപറഞ്ഞു.



