കേരളം കണ്ട അഭൂതപൂർവമായ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുകയാണ്. മുണ്ടകൈ-ചൂരൽമല ദുരന്തത്തിന്റെ ഓർമ്മകൾ നമ്മുടെ ഹൃദയങ്ങളിൽ എന്നും ഒരു വേദനയായി നിലനിൽക്കും. ആത്മവിശ്വാസം നഷ്ടപ്പെടാതെ ഏതൊരു ദുഷ്‌കരമായ സാഹചര്യത്തെയും ഒരുമിച്ച് തരണം ചെയ്യുന്നതിന്റെ കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈയും ചൂരൽമലയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മഹാദുരന്തത്തിന് ഒരു വർഷം തികയുമ്പോ പുറത്തിറക്കിയ ലേഖനത്തിൽ മുഖ്യമന്ത്രി കണക്കുകൾ നിരത്തി. ജൂലൈ വരെ വാടക വീടുകളിൽ താമസിക്കുന്നവർക്കും സ്വന്തം ഇഷ്ടപ്രകാരം ബന്ധുവീടുകളിലേക്ക് മാറിയവർക്കും പ്രതിമാസം 6,000 രൂപ നൽകി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ തുടർ ചികിത്സയ്ക്കുള്ള ചെലവും സർക്കാർ വഹിക്കുന്നുണ്ടെന്നും പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്റെ നിർമ്മാണം ഇപ്പോൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2025 ജൂൺ 19, 20 തീയതികളിൽ ടൗൺഷിപ്പിൽ വീട് വാങ്ങാൻ വിസമ്മതിച്ച 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 2025 ജൂൺ 25 വരെ ഉരുൾപൊട്ടൽ പുനരുദ്ധാരണത്തിനായി ആകെ 770,76,79,158 രൂപ ലഭിച്ചു. ഇതിൽ 91,73,80,547 രൂപ വിവിധ പുനരധിവാസ ആവശ്യങ്ങൾക്കായി ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.