യൂറോപ്പിലെ മാതാപിതാക്കൾക്ക് വലിയ കുടുംബങ്ങൾ ഉണ്ടാകണമെന്നും അല്ലെങ്കിൽ ആ പ്രദേശം മരിച്ചുകൊണ്ടിരിക്കുമെന്നും ശതകോടീശ്വരൻ ഇലോൺ മസ്ക്. ജനസംഖ്യയിലെ ഇടിവ്, വികസിത രാജ്യങ്ങളിലെ പ്രായമാകുന്ന സമൂഹങ്ങളിൽ ഉണ്ടാകാനിടയുള്ള തൊഴിൽക്ഷാമം, സാമ്പത്തിക സ്തംഭനം, വർധിച്ചുവരുന്ന സാമൂഹിക പ്രശ്നങ്ങൾ എന്നിവ ആശങ്ക ഉയർത്തുന്നുതാണെന്നും അദ്ദേഹം പറയുന്നു.
ജനസംഖ്യയിലെ തകർച്ച തടയാൻ ദമ്പതിമാർക്ക് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് മസ്ക് മുമ്പ് ശുപാർശ ചെയ്തിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകുന്നത്. ഇറ്റലി പോലുള്ള രാജ്യങ്ങളിൽ 1.18 വരെ താഴ്ന്ന നിരക്കുകൾ കാണിക്കുന്ന 2024-ലെ ഒരു ഭൂപടം അദ്ദേഹം പങ്കുവെച്ചു. ഒന്നുകിൽ യൂറോപ്പ് വലിയ കുടുംബങ്ങളെ സൃഷ്ടിക്കാൻ തുടങ്ങണം, അല്ലെങ്കിൽ അത് മരിച്ചുകൊണ്ടിരിക്കും എന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
യുഎസിൽ നിലവിൽ ഒരു സ്ത്രീക്ക് 1.66 കുട്ടികൾ എന്ന നിരക്കാണ് ഉള്ളത്. അതേസമയം ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ യഥാക്രമം 1.29, 1.30 എന്നിങ്ങനെ ഇതിലും കുറഞ്ഞ നിരക്കുകളാണ് രേഖപ്പെടുത്തുന്നത്. കുട്ടികളില്ലാത്തവരുടെ നിരക്ക് അടക്കമുള്ളവകൂടി പരിഗണിച്ചുകൊണ്ട് പുതുതായി നിർദ്ദേശിക്കപ്പെട്ട 2.7 എന്ന പരിധിക്ക് വളരെ താഴെയാണ് ഈ കണക്കുകൾ. 1963-ൽ ഒരു സ്ത്രീക്ക് ശരാശരി 5.3 കുട്ടികൾ എന്നതായിരുന്ന ആഗോള പ്രത്യുൽപാദന നിരക്ക്, ഇന്ന് 2.5-ൽ താഴെയായി നാടകീയമായി കുറഞ്ഞുവെന്ന് മസ്ക് മുന്നറിയിപ്പ് നൽകുന്നു. ഈ ഇടിവ് വികസിത രാജ്യങ്ങളിൽ തൊഴിൽക്ഷാമം, സാമ്പത്തിക സ്തംഭനം എന്നിവയ്ക്കടക്കം കാരണമായേക്കാം. നിലനിൽപ്പിനുതന്നെ പ്രതിസന്ധിയായി മാറാവുന്ന ഈ പ്രശ്നത്തെ ഗൗരവത്തോടെ കണ്ട് പരിഹരിക്കാൻ ശ്രമിക്കുന്ന ഒരാളാണ് താനെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് വ്യത്യസ്ത സ്ത്രീകളിലായി 14 കുട്ടികളാണ് ശതകോടീശ്വരൻ ഇലോൺ മസ്കിനുള്ളത്.



