വാഷിങ്ടൺ: ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം ആണെന്ന് പുതിയ പഠനം. വാഷിങ്ടൺ ഡിസി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെന്ററാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2010നും 2020നും ഇടയിലുള്ള ഒരു പതിറ്റാണ്ടിനിടയിൽ മറ്റേതൊരു മതവിഭാഗത്തെക്കാളും വളര്‍ച്ച ഇസ്ലാമിന് ഉണ്ടായിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ആഗോളതലത്തില്‍ ഇസ്ലാം ജനസംഖ്യ 347 ദശലക്ഷമായി വളര്‍ന്നു.
ലോകത്തിലെ ഏറ്റവും വലിയ മതം ഇപ്പോഴും ക്രിസ്തുമതം തന്നെയാണ്. എന്നാൽ ജനസംഖ്യയിൽ ഗണ്യമായ വർദ്ധന വന്നിട്ടുള്ളത് ഇസ്ലാം മതത്തിനാണെന്ന് പഠനം പറയുന്നു. ഇസ്ലാമിന്റെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകം മതപരിവർത്തനത്തേക്കാൾ സ്വാഭാവിക ജനസംഖ്യാ വർദ്ധനവാണെന്ന് പഠനം കണ്ടെത്തി. മുസ്ലീം ജനവിഭാഗത്തിനിടയിലെ ഉയർന്ന ജനനനിരക്കാണ് അനുയായികളുടെ എണ്ണത്തിലെ വർദ്ധനവിന് ഏറ്റവും കാരണമായത് എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മതമായി ക്രിസ്തുമതം തുടരുന്നുണ്ടെങ്കിലും, ആഗോള ജനസംഖ്യയിൽ ഈ മതത്തിന്റെ ജനസംഖ്യാ വിഹിതം അല്പം കുറയുകയാണ് ഉണ്ടായിരിക്കുന്നത്. അതെസമയം ഇസ്ലാം ജനസംഖ്യയും മതമില്ലാത്തവരുടെ ജനസംഖ്യയും മാത്രമാണ് കൂടിയിട്ടുള്ളത്. മതം ഇല്ലാത്തവരുടെ എണ്ണത്തിൽ വലിയ വർദ്ധന വരുന്നത് പ്യൂ റിസർച്ച് പഠനം പറഞ്ഞിരുന്നു. ക്രിസ്ത്യാനികളും മുസ്ലിങ്ങളും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ജനവിഭാഗം മതരഹിതരാണ്. സെൻസസുകളിൽ മതം സംബന്ധിച്ച ചോദ്യത്തിന് ഇല്ല എന്ന് പറയുന്നവരെയാണ് മതരഹിതർ എന്ന വിഭാഗത്തിൽ പ്യൂ റിസർച്ച് പെടുത്തുന്നത്.