സിനിമയെ മാത്രം ഉപജീവനമാക്കാതെ, നിക്ഷേപങ്ങളിലൂടെ തൻ്റെ സമ്പത്ത് സുരക്ഷിതമാക്കിയ ബോളിവുഡ് താരമാണ് ജോൺ എബ്രഹാം. മുംബൈയിലെ പ്രധാന ഇടങ്ങളിലെ റിയൽ എസ്റ്റേറ്റ് സമ്പത്തുകൾക്ക് പുറമേ, ജെഎ എന്റർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ ഹൗസ്, ഫുട്ബോൾ ക്ലബ്, റേസിംഗ് ടീം എന്നിവയുൾപ്പെടെ വിവിധ ബിസിനസ് സംരംഭങ്ങളിൽ ജോൺ നിക്ഷേപം നടത്തിയിട്ടുണ്ട്. 251 കോടി രൂപയുടെ ആസ്തി ജോണിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ജോൺ എബ്രഹാമിന്റെ പ്രധാന വസതി മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ‘വില്ല ഇൻ ദി സ്കൈ’ എന്ന സീ വ്യൂ ഡ്യൂപ്ലക്സ് പെന്റ്ഹൗസാണ്. കെട്ടിടത്തിൻ്റെ മുകൾ നിലകളിലായുള്ള അത്യാഡംബര സൗകര്യങ്ങളോടെയുള്ള അപാർമെൻ്റുകളാണ് പെന്റ്ഹൗസ്. ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയുടെ ഏഴും എട്ടും നിലകളിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ്, ജോണിന്റെ സഹോദരൻ അലൻ എബ്രഹാമാണ് രൂപകൽപ്പന ചെയ്തതിരിക്കുന്നത്. 60 കോടി രൂപ മൂല്യമുള്ള ഈ വീട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറൽ ഡിസൈനിന്റെ മികച്ച വീടിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഫ്ലോർ-ടു-സീലിംഗ് ഗ്ലാസ് ജനാലകൾ, അറബിക്കടലിലേക്കും മൗണ്ട് മേരി ഹില്ലിലേക്കുമുള്ള കാഴ്ചയാണ് വീടിന്റെ പ്രധാന ആകർഷണം. വീടിനുള്ളിലെ തടികൊണ്ടുള്ള ഡെക്ക് മറ്റൊരു ആകർഷണമാണ്.