അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ളതു കൊണ്ട് മാത്രം പൗരത്വം തെളിയിക്കാനാവില്ല. ചില നിശ്ചിത വിഭാഗങ്ങളിൽപ്പെട്ടവർക്ക് യുഎസ് പാസ്പോർട്ട് ഇല്ലെങ്കിലും അവരെ അമേരിക്കൻ പൗരന്മാരായാണ് കണക്കാക്കുന്നത്.

  • അമേരിക്കൻ പൗരത്വമുള്ള മാതാപിതാക്കളുടെ മക്കൾ ലോകത്ത് എവിടെ ജനിച്ചാലും അവരും അമേരിക്കൻ പൗരന്മാരാണ്.
  • അച്ഛനോ അമ്മയോ ആരെങ്കിലും ഒരാൾക്ക് അമേരിക്കൻ പൗരത്വമുണ്ടെങ്കിൽ മക്കൾ (ലോകത്ത് എവിടെ ജനിച്ചാലും) അമേരിക്കക്കാരാണ്.
  • ഏതു രാജ്യക്കാരാണെങ്കിലും നിയമപരമായി അമേരിക്കയിൽ തന്നെയാണ് ജനിച്ചതെങ്കിൽ അവരെയും അമേരിക്കൻ പൗരനായാണ് കണക്കാക്കുന്നത്.

ഈ വിഭാഗത്തിൽപ്പെട്ടവർക്കെല്ലാം അമേരിക്കൻ പാസ്പോർട്ട് ലഭിക്കാൻ യുഎസ് സർക്കാർ നൽകുന്ന ജനന സർട്ടിഫിക്കറ്റ് മാത്രം മതിയാകും .

∙ ഗ്രീൻകാർഡുള്ളവർ

അമേരിക്കയിലേക്ക് കുടിയേറിയവർ നല്ല പെരുമാറ്റത്തിന് ഉടമകളാണെങ്കിൽ അഞ്ച് വർഷം കഴിയുമ്പോൾ അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കാൻ യോഗ്യരാകും. പൗരത്വത്തിനായി യുഎസ് ഇമിഗ്രേഷൻ വകുപ്പിന്റെ N-400 എന്നതിൽ വേണം അപേക്ഷ നൽകാൻ. ഇതിനായി നിശ്ചിത ഫീസും നൽകണം.

നടപടിക്രമങ്ങൾ വിലയിരുത്തി പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ആറ്‌ മാസത്തിനകം പൗരത്വം അംഗീകരിക്കും. അമേരിക്കൻ പൗരന്മാരായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പൗരത്വരേഖ അടങ്ങിയ സർട്ടിഫിക്കറ്റ് ലഭിക്കും. നാച്യൂറലൈസേഷൻ സർട്ടിഫിക്കറ്റ് എന്ന ഈ രേഖ ഉപയോഗിച്ച് അമേരിക്കൻ പാസ്പോർട്ടിന് അപേക്ഷ നൽകാം.

ഗ്രീൻകാർഡിൽ കുട്ടികളുമായി അമേരിക്കയിലേക്ക് കുടിയേറുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികൾ ജനിച്ചത് മറ്റൊരു രാജ്യത്ത് ആയതിനാൽ ജനന സർട്ടിഫിക്കറ്റ് ആ രാജ്യത്തെ ആയിരിക്കും. മാതാപിതാക്കൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്ന സമയത്ത് കുട്ടികൾക്ക് 18 വയസ്സിന് താഴെയാണ് പ്രായമെങ്കിൽ കുട്ടികളെ അമേരിക്കൻ പൗരന്മാരായി കണക്കാക്കും. മാതാപിതാക്കളുടെ പൗരത്വ രേഖ ഉപയോഗിച്ച് മക്കൾക്കും യുഎസ് പാസ്പോർട്ട് ലഭിക്കും. മക്കളുടെ പേരിൽ പൗരത്വ രേഖ ലഭിക്കുകയില്ലെന്ന് മാത്രം. പതിനെട്ട് വയസ്സ് കഴിഞ്ഞ് പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ആ സമയത്ത് മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലെങ്കിൽ പിന്നീട് വലിയ നിയമപ്രശ്നങ്ങൾക്ക് ഇടയാക്കും.

∙അപേക്ഷകൾ എങ്ങനെ നൽകാം?
വിദേശത്ത് ജനിച്ചവരും അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ളവരും എന്നാൽ പൗരത്വരേഖ ഇതുവരെ എടുത്തിട്ടില്ലാത്തവരും ഇമിഗ്രേഷൻ വകുപ്പിന്റെ N-600 എന്ന അപേക്ഷയിൽ 1385.00 ഡോളർ അടച്ച് സർട്ടിഫിക്കറ്റ് ഓഫ് സിറ്റിസൺഷിപ്പിന് അപേക്ഷിക്കണം. അപേക്ഷകൾ അംഗീകരിച്ചാൽ പൗരത്വത്തിനുള്ള അതേ നടപടിക്രമങ്ങൾ തന്നെയാണ് പൂർത്തിയാക്കേണ്ടത്. (അപേക്ഷ നൽകേണ്ട വെബ്സൈറ്റ് https://www.uscis.gov/n-600).

N-600 അപേക്ഷ, അമേരിക്കൻ പൗരനാണ് എന്ന് തെളിയിക്കാനുള്ള രേഖയാണ്. സർട്ടിഫിക്കറ്റ് ഓഫ് സിറ്റിസൺഷിപ് എന്നാണ് ഇതിന് പറയുന്നത്.

N-400 അപേക്ഷ, അമേരിക്കൻ പൗരത്വത്തിനുള്ളതാണ് .സർട്ടിഫിക്കറ്റ് ഓഫ് നാച്യുറലൈസേഷൻ എന്നാണ് ഇതറിയപ്പെടുന്നത്.