വിനിപെഗ് : മാനിറ്റോബ സ്റ്റെയിൻബാക്കിന് സമീപം ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പൈലറ്റുമാരിൽ ഒരാൾ മലയാളിയാണെന്ന് റിപ്പോർട്ട്. കൊച്ചി സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. ശ്രീഹരി പരിശീലനം ആരംഭിച്ച് ഏതാനും മാസങ്ങൾ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂവെന്ന് അധികൃതർ അറിയിച്ചു. 2023 ലാണ് പഠനത്തിനായി യുവാവ് കാനഡയിലെത്തിയത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഹാനോവറിലെ റൂറൽ മുനിസിപ്പാലിറ്റിയിലായിരുന്നു വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് ചെറിയ, ഒറ്റ എഞ്ചിൻ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇരു വിമാനങ്ങളിലെയും രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് മരിച്ചതായി ആർസിഎംപി അറിയിച്ചു. രണ്ട് വിമാനങ്ങളിലും യാത്രക്കാരില്ലായിരുന്നു. അന്വേഷണം പുരോഗമിക്കുന്നു.