ജീവന്റെ നിലനിൽപ്പിന് സൂര്യപ്രകാശം അനിവാര്യമാണ്. ഈ മനോഹര ഭൂമിയിൽ ജീവിക്കാൻ ആവശ്യമായ ചൂടും പ്രകാശവും ജീവിതത്തിന് അനുയോജ്യമായ പ്രകൃതി സാഹചര്യങ്ങളും നൽകുന്നത് സൂര്യനാണ്. എന്നാൽ ഇതൊന്നും എല്ലാകാലവും നിലനിൽക്കില്ല. ഏതൊരു നക്ഷത്രത്തേയും പോലെ സൂര്യനും ഒരിക്കൽ കത്തിത്തീരും. ഭാഗ്യമെന്ന് പറയട്ടെ, അതിന് ഭാവിയിൽ ഇനിയും വർഷങ്ങളേറെയെടുക്കും.

സൂര്യന്റെ മരണം എപ്പോൾ?

സൂര്യന്റെ നാശം ആരംഭിക്കാൻ 500 കോടി വർഷങ്ങളെടുക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. സൂര്യനിലെ ഹൈഡ്രജൻ തീരുമ്പോഴാണ് അത് സംഭവിക്കുക.

ഒരു വെള്ളക്കുള്ളൻ നക്ഷത്രമായാണ് സൂര്യന്റെ ജീവിതം അവസാനിക്കുകയെന്ന് സ്പേസ്.കോം റിപ്പോർട്ടിൽ പറയുന്നു. കത്തിക്കൊണ്ടിരിക്കുന്ന ആണവ ഇന്ധനമെല്ലാം തീരുമ്പോഴാണ് വെള്ളക്കുള്ളൻ എന്ന മരണപ്പെട്ട നക്ഷത്രമായി മാറുക. ഈ വെളുത്ത കുള്ളൻ നക്ഷത്രം പതിയെ താപനില കുറയുകയും തണുത്തുറയുകയും ചെയ്യും. സൂര്യനുൾപ്പടെ കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രങ്ങളുടെയെല്ലാം അവസാനം ഇങ്ങനെയാണ്. സൂര്യന് ഭൂമിയേക്കാൾ ദശലക്ഷക്കണക്കിന് വ്യാപ്തിയുണ്ടെങ്കിലും വെള്ളക്കുള്ളൻ ഭൂമിയോളം മാത്രമേ വ്യാപ്തിയുണ്ടാവൂ.  സൂര്യൻ വെള്ളക്കുള്ളനായി മാറിയാൽ അതിലെ അകക്കാമ്പ് കാർബണും ഓക്സിജനും ആയിരിക്കുമെന്നും ഹീലിയം കത്തിത്തീർന്നതിന്റെ അവശിഷ്ടങ്ങളായിരിക്കും അതെന്നും അതിന്റെ ബാഹ്യകവചം കത്തിത്തീരാത്ത ഹൈഡ്രജൻ ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സൂര്യൻ മരിച്ചാൽ ഭൂമിയ്ക്കെന്ത് സംഭവിക്കും?

സൂര്യൻ മരിക്കുന്ന സമയം ഭൂമിയുണ്ടാവാനിടയില്ല. 500 കോടി വർഷങ്ങൾക്ക് ശേഷം സുര്യൻ പതിയെ വലുതാവുകയും ചുവന്ന ഭീമനായി മാറുകയും ചെയ്യും. ഈ ഘട്ടത്തിൽ സൂര്യന് ചുറ്റുമുള്ള ഹൈഡ്രജൻ കത്താൻ തുടങ്ങുന്നു. അത് ഹീലിയമായി പരിവർത്തനം ചെയ്യപ്പെടുന്നു. 

ഇതുവഴിയുണ്ടാകുന്ന ശക്തമായ ഊർജത്തിന്റെ ഫലമായി സൂര്യന്റെ വലിപ്പം 200 ഇരട്ടിയിലേറെ വർധിക്കും. ഇങ്ങനെ പരമാവധി വലിപ്പത്തിലെത്തുന്ന ഘട്ടത്തിൽ ഭൂമി ഉൾപ്പടെയുള്ള ഗ്രഹങ്ങളെ അത് വിഴുങ്ങാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇങ്ങനെ വലുതാവുന്ന ഒരു ഘട്ടത്തിലെത്തുമ്പോൾ സൂര്യനിലെ ഹീലിയം കത്താൻ തുടങ്ങുന്നു. ഇതുവഴി സൂര്യന്റെ പിണ്ഡം വൻതോതിൽ കുറയാൻ തുടങ്ങുന്നു. ഇപ്പോഴും അത് സംഭവിക്കുന്നുണ്ട്. സൗരവാതങ്ങൾ അതിന് തെളിവാണ്. 

ഇപ്പോൾ പോലും സൗരവാതം ഭൂമിയിലെത്തുമ്പോഴുണ്ടാകുന്ന വികിരണങ്ങളും പദാർഥങ്ങളും ഭൂമിയിലെ ജലകണങ്ങളെ വിഘടിപ്പിക്കുന്നത് വഴി ഭൂമിയിൽ നിന്ന് ജലം നഷ്ടമാവുന്നുണ്ട്. ഇതുവഴി സ്വതന്ത്രമാകുന്ന ഭാരം കുറവുള്ള ഹൈഡ്രജന് ഭൂമിയിലെ ഗുരുത്വാകർഷണത്തിൽ നിന്ന് എളുപ്പം പുറത്തുകടക്കാനാവും. ഭൂമിക്ക് ചുറ്റും ഹൈഡ്രജൻ മേഘങ്ങളുടെ സാന്നിധ്യം വിവിധ ഭൗമനിരീക്ഷണ ദൗത്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് വർഷങ്ങൾക്കപ്പുറം ഭൂമിയിലെ ജലം മുഴുവൻ നഷ്ടമാകുമെന്നും ചന്ദ്രനെ പോലെയാവുമെന്നുമുള്ളതിന്റെ സൂചനയാണിത്. 

ചുവന്ന ഭീമനായുള്ള സൂര്യന്റെ വളർച്ചയുടെ ഫലമായുണ്ടാകുന്ന ശക്തമായ പ്രകാശവും സൗരക്കാറ്റും കാരണം ഭൂമിയിലെ സമുദ്രങ്ങളും അന്തരീക്ഷവും അപ്രത്യക്ഷമാകുമെന്നും സൂര്യന്റെ മരണശേഷം ഭൂമി ബാക്കിയുണ്ടെങ്കിൽ അത് ഒരു വെളുത്ത കുള്ളനെ വലം വെക്കുന്ന വെറുമൊരു ചാരക്കട്ടമാത്രമായിരിക്കുമെന്നും സ്പേസ്.കോം റിപ്പോർട്ടിൽ പറയുന്നു. 

സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടേയും അവസ്ഥ മറിച്ചല്ല. വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ പോലുള്ള ഗ്രഹങ്ങളിലും സമാനമായ പ്രത്യാഘാതങ്ങളുണ്ടാവും. സൂര്യന്റെ മരണത്തിന്റെ ഭാഗമായുണ്ടാകുന്ന കടുത്ത താപനിലയെ അതിജീവിക്കാൻ ഈ ഗ്രഹങ്ങൾക്കുമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

എന്തായാലും ഈ സമയമാവുമ്പോഴേക്കും ഭൂമിയിൽ ജീവൻ നിലനിൽക്കില്ലെന്ന് ഉറപ്പിക്കാം. ഉയർന്ന താപവും റേഡിയേഷനും എല്ലാ ജീവികളുടേയും വംശനാശത്തിലേക്കും നയിക്കും. സൂര്യന്റെ നാശം മുഴുവൻ സൗരയൂഥത്തിന്റെ കൂടി നാശമായിരിക്കും. 

ജീവന് അനുയോജ്യമായ മറ്റ് നക്ഷത്രവ്യൂഹങ്ങളിലേക്കും ഗ്രഹങ്ങളിലേക്കും ചേക്കേറാൻ മനുഷ്യർക്ക് സാധിച്ചാൽ മാത്രം സൗരയൂഥം നശിച്ചാലും മനുഷ്യർ നിലനിൽക്കും.